ഭണ്ഡാരത്തില്‍ പണമിടുന്നതിനിടെ കൂടെ പോയത് ഐഫോണ്‍, തിരികെ ചോദിച്ചു, ക്ഷേത്ര അധികൃതരുടെ തീരുമാനത്തില്‍ വലഞ്ഞ് യുവാവ്

ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കിയതോടെ വലഞ്ഞ് യുവാവ്.ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയില്‍ അബദ്ധത്തിലാണ് യുവാവിന്റെ ഐ ഫോണ്‍ നേർച്ചപ്പെട്ടിയിലേക്ക് വീണത്.

വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നേർച്ചപ്പെട്ടിയില്‍ വീണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് വ്യക്തമാക്കിയ അധികൃതർ സിം തിരികെ നല്‍കിയ ശേഷം ഫോണില്‍ നിന്ന് ഡാറ്റ ഡൌണ്‍ലോഡ് ചെയ്യാനും അനുവാദം നല്‍കുകയായികുന്നു. ഷർട്ടിന്റെ പോക്കറ്റില്‍ നിന്ന് കറൻസി നോട്ട് പുറത്ത് എടുക്കുമ്ബോഴാണ് ഫോണ്‍ നേർച്ചപ്പെട്ടിയിലേക്ക് വീണത്. കഴിഞ്ഞ മാസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദർശനത്തിന് എത്തിയതായിരുന്നു യുവാവ്.

നേർച്ചപ്പെട്ടിയില്‍ നിന്ന് ഫോണ്‍ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് യുവാവ് ക്ഷേത്ര അധികാരികളുടെ സഹായം തേടിയത്. എന്നാല്‍ നേർച്ചപ്പെട്ടിയില്‍ വീഴുന്നതെന്തും പ്രതിഷ്ഠയ്ക്ക് സ്വന്തമാണെന്നാണ് ക്ഷേത്ര അധികൃതർ യുവാവിനോട് വിശദമാക്കിയത്. ഇതോടെ നേർച്ചപ്പെട്ടി തുറക്കുന്ന സമയത്ത് അറിയിക്കണമെന്ന് യുവാവ് പരാതി എഴുതി നല്‍കുകയായിരുന്നു. രണ്ട് മാസം കൂടുമ്ബോള്‍ മാത്രമാണ് നേർച്ചപ്പെട്ടി തുറക്കാറുള്ളതെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. വെള്ളിയാഴ്ച അധികൃതർ നേർച്ചപ്പെട്ടി തുറന്ന സമയത്ത് ദിനേശ് ഇവിടെയെത്തി ഫോണ്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ മുൻ നിലപാട് തുടരുകയായിരുന്നു.

യുവാവ് ആവശ്യം ആവർത്തിച്ചതോടെ അധിതർ സിം തിരികെ നല്‍കുകയും ഫോണിലെ ഡാറ്റ ശേഖരിക്കാൻ യുവാവിനെ അനുവദിക്കുകയുമായിരുന്നു. എന്നാല്‍ ഇതിനോടകം മറ്റൊരു സിം യുവാവ് എടുത്തതിനാല്‍ ഫോണിനൊപ്പം സിം കാർഡും ക്ഷേത്ര അധികാരികള്‍ക്ക് നല്‍കിയാണ് യുവാവ് മടങ്ങിയത്. എന്നാല്‍ നേർച്ചപ്പെട്ടി ഇരുമ്ബ് വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതിനാല്‍ ഫോണ്‍ എങ്ങനെ അബദ്ധത്തില്‍ വീഴുമെന്നാണ് അധികൃതർ യുവാവിനോട് ചോദിച്ചത്.