ശിവക്ഷേത്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തര്‍ക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തർ ഉറങ്ങുമ്ബോഴായിരുന്നു സംഭവം.
പരിക്കേറ്റ ഒൻപതുപേരെയും ഉടൻ തന്നെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തില്‍ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തർക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്.
അതേ സമയം ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നല്‍കുകയായിരുന്നു. ശബരിമല തീർഥാടനത്തിനായി കേരളത്തിലേക്കുള്ള 416 സ്‌പെഷ്യല്‍ ട്രെയിൻ ട്രിപ്പുകളുടെ വിശദാംശങ്ങള്‍
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (SWR): 42 ട്രിപ്പുകള്‍
ദക്ഷിണ റെയില്‍വേ (SR): 138 ട്രിപ്പുകള്‍
സൗത്ത് സെൻട്രല്‍ റെയില്‍വേ (SCR): 192 ട്രിപ്പുകള്‍
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ (ECOR): 44 ട്രിപ്പുകള്‍