പൂട്ടിക്കിടന്ന വീട്ടില്‍ വന്ന വാട്ടര്‍ ബില്ല് കണ്ട് കണ്ണുതള്ളി, വാട്ടര്‍ അതോറിറ്റിയും കൈവിട്ടു; ഒടുവില്‍ ‘കൈത്താങ്ങ്’
പാലക്കാട്: പൂട്ടിക്കിടന്ന വീടിന് 34,511 രൂപ കേരള വാട്ടർ അതോറിറ്റി ബില്ല് ഈടാക്കിയതില്‍ ഇളവ് നല്‍കാൻ കരുതലും കൈതാങ്ങും അദാലത്തില്‍ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശം.കല്ലുവഴി പത്തായപ്പുരയില്‍ തങ്കമ്മയ്ക്ക് വേണ്ടി മകൻ സി. സുധർശൻ നല്‍കിയ അപേക്ഷ പരിഗണിച്ച മന്ത്രി തുക 6,470 രൂപയാക്കി കുറക്കാൻ ഷൊർണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.
തങ്കമ്മ മകൻ്റെ ക്വാർട്ടേഴ്സിലാണ് ആറ് വർഷമായി താമസിക്കുന്നത്. മുടങ്ങാതെ ബില്‍ അടക്കുന്നുണ്ടെങ്കിലും ഇത്രയും തുക ആദ്യമായതിനാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ഗാർഹിക കണക്ഷനിലെ പൈപ്പ് ലൈനില്‍ ചോർച്ച കണ്ടെത്തിയിരുന്നു. രണ്ട് മാസത്തെ റീഡിങ്ങുകളിലായിരുന്നു മുൻകാലങ്ങളേക്കാള്‍ ഉയർന്ന ഉപഭോഗം രേഖപ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം ഉപയോഗിക്കാത്തത് കൊണ്ടും മീറ്റർ സ്റ്റാറ്റസ് തെറ്റായി രേഖപ്പെടുത്തിയതിനാലും മുൻ ബില്ലിലെ അതേ നിരക്കില്‍ തുക കണക്കാക്കിയതുമാണ് ബില്‍ തുക വർദ്ധിക്കാൻ കാരണം. തുടർന്ന് മീറ്റർ മാറ്റി സ്ഥാപിച്ചെങ്കിലും കുടിശ്ശിക അടക്കാഞ്ഞതിനാല്‍ കണക്ഷൻ വിഛേദിച്ചു. ഇതിൻ്റെ അടിസ്ഥാനത്തില്‍ വെള്ളം പാഴായി പോയ കാലയളവിലെ തുകയ്ക്ക് ആനുകൂല്യവും പിഴ തുകയും ഇളവ് നല്‍കുകയായിരുന്നു.