ദുര്‍മന്ത്രവാദവും ആഭിചാരവുമായി സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്ന പരാതികളുണ്ട്; ജാഗ്രത പാലിക്കണമെന്ന് വനിതാ കമ്മിഷൻ

മലബാറില്‍ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർ മന്ത്രവാദവും ആഭിചാര ക്രിയകളും രഹസ്യമായി നടക്കുന്നതായി വനിതാ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയില്‍ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികള്‍ക്ക് ഇടപെടുന്നതിനുള്ള നിർദ്ദേശം നല്‍കുമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു.ചില ജില്ലകളില്‍ ഇത് സംബന്ധിച്ച പരാതികളും ലഭിച്ചിട്ടുണ്ട്.

കാസർകോട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. പാവപ്പെട്ട സ്ത്രീകളെ ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും പേരില്‍ ചൂഷണം ചെയ്യുന്നവരെ പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കണം. സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ദുർമന്ത്രവാദത്തിലേക്ക് ആഭിചാരക്രിയകളിലേക്കും നയിക്കുന്നതിന് പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് ജാഗ്രത സമിതികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

കാസർകോട് തിങ്കളാഴ്ച നടത്തിയ സിറ്റിങ്ങില്‍ 38 പരാതികള്‍ പരിഗണിച്ചു. ഇതില്‍ ഏഴെണ്ണം തീർപ്പാക്കി. 31 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഇന്ന് പുതിയതായി ഒരു പരാതി ലഭിച്ചു .അഡ്വ. പി സിന്ധു ,എഎസ് ഐ അനിത , ലീഗല്‍ അസിസ്റ്റൻറ് രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു. സാമ്ബത്തിക പ്രശ്നങ്ങളെയും കുടുംബ പ്രശ്നങ്ങളെയും യുവ തലമുറ വൈകാരികമായി സമീപിക്കുന്നത് വർദ്ധിച്ചു വരികയാണെന്ന് കമ്മീഷൻ അംഗം വിലയിരുത്തി.

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നില്ല. വഴിത്തർക്കങ്ങളും സാമ്ബത്തിക ഇടപാടുകളും ഉള്‍പ്പെടെ സ്ത്രീകളെ മുൻനിർത്തി കൈകാര്യം ചെയ്യുന്ന പ്രവണതയും വർദ്ധിച്ചു വരികയാണ്. മുതിർന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് കോടതിയില്‍ നിന്ന് ഉത്തരവുണ്ടായിട്ടും പോലീസ് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെന്ന പരാതിയും കമ്മീഷൻറെ മുന്നിലെത്തി.