യുദ്ധോപകരണ നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി, 12 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ യുദ്ധോപകരണ-സ്‌ഫോടക വസ്തു പ്ലാൻ്റില്‍ ചൊവ്വാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 12 പേർ കൊല്ലപ്പെട്ടു.അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാലികേസിർ പ്രവിശ്യയിലെ കരേസി ജില്ലയിലെ പ്ലാന്റിലാണ് പ്രാദേശിക സമയം എട്ടരയോടെ സ്ഫോടനം നടന്നതെന്ന് ലോക്കല്‍ ഗവർണർ ഇസ്മായില്‍ ഉസ്താഗ്ലു സ്ഥിരീകരിച്ചു. പ്രാഥമിക റിപ്പോർട്ട് പ്രകാരം 12 ജീവനക്കാർ മരിച്ചു. മറ്റ് നാല് പേർ പരിക്കുകളോടെ ആശുപത്രിയിലാണെന്നും അദ്ദേഹം അറിയിച്ചു. പരിക്കേറ്റവർ ഗുരുതരാവസ്ഥയിലല്ലെന്നും അധികൃതർ അറിയിച്ചു.

സ്‌ഫോടനം നടക്കുമ്ബോള്‍ ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്നും തീ അണച്ചതായും അധികൃതർ സ്ഥിരീകരിച്ചു. സ്ഫോടനത്തിൻ്റെ ശക്തിയില്‍ പ്ലാൻ്റിൻ്റെ ഒരു ഭാഗം തകർന്നു. സ്‌ഫോടനത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. അപകട കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി.