കെ.ഐ.ആർ.എഫ് : തുഞ്ചൻ കോളേജിന് ഉയർന്ന റാങ്ക്
കേരള സർക്കാരിൻ്റെ നിർദ്ദേശപ്രകാരം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ അക്കാദമിക മികവിൻ്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന ആദ്യ പദ്ധതിയായ ‘കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്ങ് ഫെയിം വർക്കി’ൻ്റെ ( കെ.ഐ.ആർ.എഫ്) ആദ്യ റാങ്ക് പട്ടികയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിന് സാധിച്ചു.
കേരളത്തിലെ 1318 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിശോധിച്ചതിൽ ആർട്സ് & സയൻസ് കോളേജുകളുടെ 100 റാങ്ക് പട്ടികയിൽ നാല്പത്തിയേഴാം സ്ഥാനം കോളേജിന് ലഭിച്ചു. ആദ്യ നൂറ് റാങ്കിൽ ഇടം പിടിച്ച 11 ഗവൺമെൻറ് കോളേജുകളിൽ ഏഴാം റാങ്കും മലപ്പുറം ജില്ലയിലെ ഗവൺമെൻ്റ് കോളേജുകളിൽ ഒന്നാം സ്ഥാനവും തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിന് ലഭിച്ചിട്ടുണ്ട്.
ദേശീയ റാങ്കിങ്ങ് ആയ എൻ.ഐ.ആർ.എഫ് മാതൃകയുടെ അടിസ്ഥാന മൂല്യങ്ങളും ഘടകങ്ങളും ഉൾക്കൊണ്ടുകൊണ്ട് പഠന നിലവാരം, ഭൗതിക സാഹചര്യങ്ങൾ, ഗവേഷണ മികവ് എന്നിങ്ങനെയുള്ള സൂചികകൾ അടിസ്ഥാനമാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ വീക്ഷണങ്ങൾ മുൻനിർത്തി ശാസ്ത്രീയ മനോഭാവം മതനിരപേക്ഷ കാഴ്ച്ചപ്പാട് എന്നിവ കൂടി ഉൾപ്പെടുത്തിയുമാണ് കെ ഐ ആർ എഫ് റാങ്കിങ്ങ് തീരുമാനിച്ചത്.
നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്കായി അധ്യാപക അനധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും തയാറാക്കിയ രേഖകളും വിവരങ്ങളും കെ. ഐ.ആർ. എഫ് മാനദണ്ഡങ്ങൾക്ക് യോജിച്ച രീതിയിൽ തയാറാക്കാൻ നേതൃത്വം വഹിച്ച കെ.ഐ.ആർ.എഫ് കോ ഓഡിനേറ്റർ ഡോ.ജൽസിയ എം.പി, ഐ.ക്യു.എ.സി. കോ ഓഡിനേറ്റർ ഡോ.അബ്ദുൾ ജലീൽ ടി. എന്നിവർ ഈ നേട്ടത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.