‘കുല്‍ദീപിന് വിസ ഇല്ല’; തനുഷ് കൊട്ടിയനെ ടീമില്‍ ഉള്‍പ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി രോഹിത് ശര്‍മ
മെല്‍ബണ്‍: ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയനെ ഉള്‍പ്പെടുത്തി.ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ആര്‍ അശ്വിന് പകരമാണ് താരത്തെ ടീമിലെത്തിച്ചത്. മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമാണ് തനുഷ്. മൂന്നാം ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം മെല്‍ബണില്‍ ടീമിനൊപ്പം ചേരും. നിലവില്‍ അഹമ്മദാബാദിലുള്ള കൊട്ടിയാന്‍ മുംബൈയിലേക്ക് മടങ്ങും, ഇന്ന് മെല്‍ബണിലേക്ക് വിമാനം കയറും.
അശ്വിന് പകരം എന്തുകൊണ്ട് കൊട്ടിയനെ ഉള്‍പ്പെടുത്തിയെന്നതിന് മറുപടി പറയുകയാണിപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഉടനെ ഓസ്‌ട്രേലിയയില്‍ എത്താന്‍ കഴിയുന്ന താരത്തെയാണ് വേണ്ടിയിരുന്നതെന്ന് രോഹിത് പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍… ”ഒരു മാസം മുമ്ബ് ഇന്ത്യയുടെ എ ടീമിനൊപ്പം തനുഷ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വിസ പ്രശ്‌നം ഇല്ലായിരുന്നു. കുല്‍ദീപ് യാദവിന് വിസ ഉണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് ഇവിടെയെത്താന്‍ ആരെയെങ്കിലും വേണമായിരുന്നു. തനുഷ് ഇവിടെ നന്നായി കളിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. സിഡ്നിയിലോ മെല്‍ബണിലോ ഞങ്ങള്‍ രണ്ട് സ്പിന്നര്‍മാരെ ഉപയോഗിച്ച് കളിക്കേണ്ടി വരും. ഒരു ബാക്ക് അപ്പ് സ്പിന്നറെന്ന നിലയിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്.” രോഹിത് വ്യക്തമാക്കി.
കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിനും രോഹിത് മറുപടി പറഞ്ഞു. ”അക്ഷറിന് അടുത്തിടെ ഒരു കുഞ്ഞുണ്ടായതിനാല്‍ കുടുംബത്തോടൊപ്പമാണ്. കുല്‍ദീപ് 100 ശതമാനം ആരോഗ്യവാനല്ല. അദ്ദേഹം അടുത്തിടെ ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മാത്രമല്ല, വിസ പ്രശ്‌നവും. അതുകൊണ്ടാണ് പെട്ടന്ന് എത്താവുന്ന തനുഷിനെ ടീമിലെത്തിച്ചത്.” രോഹിത് വ്യക്തമാക്കി.
33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള തനുഷ് 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റും നേടിയിട്ടുണ്ട്. 2023-24ല്‍ മുംബൈ രഞ്ജി ട്രോഫി നേടുമ്ബോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റിനുള്ള പുരസ്‌കാരം തനുഷിനായിരുന്നു. 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റുമാണ് കൊട്ടിയാന്‍ വീഴ്ത്തിയത്.