പ്രവര്‍ത്തസജ്ജമായി 30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കെ.കെ. ശൈലജ ടീച്ചർ എം എല്‍ എ സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ, രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും. എം.പി.മാരായ കെ. സുധാകരൻ, ഷാഫി പറമ്ബില്‍, രാജ്മോഹൻ ഉണ്ണിത്താൻ, എം എല്‍ എമാരായ എംവി ഗോവിന്ദൻ മാസ്റ്റർ, കെപി മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി.ഐ. മധുസൂദനൻ, എം. വിജിൻ, കെവി സുമേഷ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
നിലവില്‍ 189 സ്മാർട്ട് അങ്കണവാടികള്‍ക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതില്‍ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. ഇത് കൂടാതെ 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോള്‍ പ്രവർത്തനസജ്ജമാവുന്നത്. ഇതോടെ 117 സ്മാർട്ട് അങ്കണവാടികള്‍ യാഥാർഥ്യമാവുകയാണ്. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രാരംഭ ശൈശവ കാല സംരക്ഷണം നല്‍കുന്നതിനും അങ്കണവാടികളില്‍ എത്തിച്ചേരുന്ന കൂഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിനുമായി ശിശു സൗഹൃദപരമാക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കിയത്. ഒന്നാം ക്ലാസിന് മുമ്ബ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. സ്ഥല ലഭ്യത അനുസരിച്ച് പ്ലോട്ടുകള്‍ക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളില്‍ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വനിതശിശുവികസന വകുപ്പ്, ആർകെഐ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ. എന്നീ ഫണ്ടുകള്‍ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികള്‍ പൂർത്തിയാക്കിയത്.