19കാരനെതിരെ ഉള്ളുലഞ്ഞ് ബുമ്ര! ചരിത്രം, ടെസ്റ്റില്‍ ആദ്യ സിക്‌സ് വഴങ്ങി; ഒരോവറില്‍ വിട്ടുകൊടുത്തത് 18 റണ്‍

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വരവറിയിച്ച്‌ ഓസ്‌ട്രേലിയയുടെ 19കാരന്‍ സാം കോണ്‍സ്റ്റാസ്. ഇന്ത്യക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 60 റണ്‍സാണ് താരം നേടിയത്.ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ താരം 65 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഒന്നാം വിക്കറ്റില്‍ 89 റണ്‍സ് ചേര്‍ത്ത ശേഷം രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. കോണ്‍സ്റ്റാസിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ലഞ്ചിന് പിരിയുമ്ബോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 112 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഉസ്മാന്‍ ഖവാജ (38), മര്‍നന് ലബുഷാനെ (12) എന്നിവര്‍ ക്രീസിലുണ്ട്.

ഇന്ത്യന്‍ ബൗളര്‍മാരെ വട്ടം കറക്കുകയായിരുന്നു കോണ്‍സ്റ്റാസ്. ബുമ്രയുടെ ഒരോവറില്‍ മാത്രം അടിച്ചെടുത്തത് 18 റണ്‍സാണ്. ആ ഓവറില്‍ ഒരു സിക്‌സും രണ്ട് ഫോറും രണ്ട് ഡബിളും കോണ്‍സ്റ്റാസ് നേടി. ടെസ്റ്റില്‍ ബുമ്രയ്‌ക്കെതിരെ സിക്‌സ് നേടുന്ന ആദ്യ താരമായി കോണ്‍സ്റ്റാസ്. അതുവരെ 4,483 പന്തുകള്‍ ബുമ്ര സിക്‌സ് വഴങ്ങാതെ എറിഞ്ഞിട്ടുണ്ട്. 19കാരന്‍ ബുമ്രയ്‌ക്കെതിരെ നേടിയ റിവേഴ്‌സ് സ്‌കൂപ്പ് സിക്‌സിന്റെ വീഡിയോ കാണാം…

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. മാത്രമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഗില്ലിന് പകരം കെ എല്‍ രാഹുല്‍ മൂന്നാമനായി ക്രീസിലെത്തും. ഓസ്ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആതിഥേയര്‍ രണ്ട് മാറ്റങ്ങല്‍ വരുത്തിയിരുന്നു. 19കാരന്‍ സാം കോണ്‍സ്റ്റാസിന്റെ അരങ്ങേറ്റത്തിന് പുറമെ സ്‌കോട്ട് ബോളണ്ടും ടീമിലെത്തി. നതാന്‍ മക്സ്വീനിക്ക് പകരമാണ് കോണ്‍സ്റ്റാസ് എത്തിയത്. പരിക്കേറ്റ് ജോഷ് ഹേസല്‍വുഡിന് പകരക്കാരനാണ് ബോളണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, സ്‌കോട്ട് ബോളണ്ട്.

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.