ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു
ജി.ബി.എച്ച്.എസ്.എസ് തിരൂരില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍) ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 188 യൂണിറ്റുകളില്‍ നിന്നും, ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും, അനിമേഷന്‍, പ്രോഗ്രാമിംഗ് വിഭാഗങ്ങളില്‍ നിന്നും 110 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് ഓണ്‍ലൈനായി ക്യാമ്പംഗങ്ങളുമായി ആശയവിനിമയം നടത്തി. വീടുകളിലെ സുരക്ഷാ സംവിധാനം ഐ. ഒ. ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകള്‍, റോബോട്ടിക് കിറ്റുകള്‍, അനിമേഷന്‍ തുടങ്ങിയ മേഖലകളിലാണ് പ്രായോഗിക പരിശീലനം നല്‍കിയത്. ക്യാമ്പില്‍ പങ്കെടുത്തവരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച 10 കുട്ടികള്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുമെന്ന് കൈറ്റ്സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.