ജില്ലാ വികസന സമിതി: റിവര്‍ മാനേജ്‌മെന്റ് ഫണ്ട് വിനിയോഗത്തിന് ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും- ജില്ലാ കളക്ടര്‍

* യു.ഡി.ഐ.ഡി കാര്‍ഡ് വിതരണം വേഗത്തിലാക്കും

* ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനം

ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാക്കുമെന്നും ജനപ്രതിനിധികള്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ പരിശോധിച്ച് അനുമതി നല്‍കുമെന്നും ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് എം.എല്‍.എമാര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. ഫണ്ടില്‍ നിന്ന് ഇതിനകം ഒന്‍പത് പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

ഭിന്നശേഷിക്കാര്‍ക്കുള്ള സവിശേഷ തിരിച്ചറിയല്‍ കാര്‍ഡായ യു.ഡി.ഐ.ഡി. ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ആയിരത്തിലധികം അപേക്ഷകള്‍ ജില്ലയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും കാര്‍ഡ് ലഭ്യമാവാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തടസപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം നടപടികള്‍ വൈകിയിരുന്നുവെന്നും ഇപ്പോള്‍ കൃത്യമായി മെഡിക്കല്‍ ബോര്‍ഡ് ചേരുന്നുണ്ടെന്നും അത്യാവശ്യക്കാര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ദേശീയപപാതയില്‍ പുത്തനത്താണിക്കും വെട്ടിച്ചിറക്കും ഇടയില്‍ കരിപ്പോളില്‍ വീടുകളിലേക്ക് മഴവെള്ളം കുത്തിയൊലിക്കുന്നതിന് പരിഹാരം കാണല്‍, തിരുന്നാവായ- കല്‍പകഞ്ചേരി റോഡ്, തിരൂര്‍- കുട്ടികളത്താണി റോഡ് വികസനം തുടങ്ങിയ വിഷയങ്ങളും എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചു.

എല്ലാ വകുപ്പുകളും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും റാങ്ക് പട്ടികയില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നും പി. ഉബൈദുള്ള എം.എല്‍.എ. ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂള്‍ അധ്യാപരുടെ അംഗീകാരം വൈകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴിവുകള്‍ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിയമന നടപടികള്‍ വേഗത്തിലാക്കാനും എല്ലാ ഓഫീസ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജില്ലയിലെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കണമെന്നും അവധിക്കാലമായതിനാല്‍ വിനോദസഞ്ചാര ബോട്ട് സര്‍വീസുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ. ആവശ്യപ്പെട്ടു. ലൈസന്‍സുള്ള ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്നും ഉറപ്പാക്കണം. ജില്ലയില്‍ വാഹനാപകടകങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ബ്ലാക്ക് സ്‌പോട്ടുകളില്‍ ഒരു മാസം നീളുന്ന പൊലീസ്- ആര്‍.ടി.ഒ സംയുക്ത പരിശോധന നടത്തി വരുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി യോഗത്തില്‍ അറിയിച്ചു.

പെരിന്തല്‍ണ്ണ മാനത്ത്മംഗലം ജങ്ഷനിലും മെയിന്‍ റോഡ് ചേരുന്ന ബൈപ്പാസിലും ചെറിയ നവീകരണം നടത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും എം.എല്‍.എ യോഗത്തില്‍ ആവശ്യമുന്നയിച്ചു.

 

മഞ്ചേരിയില്‍ മെഡിക്കല്‍ കോളെജിനൊടനുബന്ധിച്ചുള്ള ജനറല്‍ ആശുപത്രി നിര്‍ത്തലാക്കുന്നതായുള്ള റിപ്പോര്‍ട്ടുകളില്‍ യു.എ ലത്തീഫ് എം.എല്‍.എ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാറില്‍ നിന്ന് ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് ഡി.എം.ഒ റിപ്പോര്‍ട്ട് ചെയ്തു. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ ചെരണി വരെയുള്ള റോഡിന്റെ പുനരുദ്ധാരണത്തിന് ആറ് കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ടെങ്കിലും ഭരണാനുമതി വേഗത്തിലാക്കണമെന്നു യു.എ ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു.

 

തിരൂരങ്ങാടി ആര്‍.ടി.ഒ ഓഫീസില്‍ ലൈസന്‍സ്- രജിസ്‌ട്രേഷന്‍ സംബന്ധമായി നിലനില്‍ക്കുന്ന പരാതികള്‍ പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കണമെന്നും കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു. തെന്നല കറുത്താല്‍ പുറമ്പോക്ക് ഭൂമി പഞ്ചായത്തിന് കളിസ്ഥലമായി നല്‍കുന്ന വിഷയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കണമെന്ന് ജില്ലാ കലക്ടര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് മാറ്റി വെച്ചതല്ലെങ്കില്‍ കളിസ്ഥലമായി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എ. മജീദ് എം.എല്‍.എ ഉന്നയിച്ച ആവശ്യത്തെ തുടര്‍ന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. പരപ്പനങ്ങാടി ന്യൂകട്ട് ടേക് എ ബ്രേക് പദ്ധതിയുടെ എന്‍.ഒ.സി വേഗത്തിലാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറത്തു നിന്നും ആതവനാട്, മാറാക്കര, കോട്ടക്കല്‍ എന്നിവിടങ്ങളിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നതിന് കഞ്ഞിരപ്പുര- മൂടാല്‍ ബൈപ്പാസ്, എന്‍.എച്ച് 66 ക്രോസ് ചെയ്ത് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

എം.എല്‍.എ മാരുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്നതില്‍ അരീക്കോട് ബ്ലോക്കില്‍ കാലതാമസം നേരിടുന്നതായി ടി.വി ഇബ്രാഹീം എം.എല്‍.എ പരാതിപ്പെട്ടു. വാവൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടത്തിനുള്ള സൈറ്റ് ക്ലിയറന്‍സിന് മണ്ണെടുക്കാനുള്ള അനുമതി വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കളക്ടര്‍ വി.എം ആര്യ, എ.ഡി.എം. എന്‍.എം. മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ഡി ജോസഫ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് യോഗം തുടങ്ങിയത്.