ഞെട്ടിക്കുന്ന പ്രതികരണങ്ങള്‍, മറ്റൊരു സിനിമയ്ക്കും ഇങ്ങനെ കേട്ടിട്ടില്ല; മാര്‍ക്കോയെ കുറിച്ച് ബോളിവുഡ് സംവിധായകൻ
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ രാം ഗോപാല്‍ വർമ. മാർക്കോയ്ക്ക് ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതികരണങ്ങളാണെന്നും ഇതിന് മുൻപ് ഇത്തരമൊരു പ്രതികരണം മറ്റൊരു സിനിമയ്ക്കും താൻ കേട്ടിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു.എക്സ്(ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെയായിരുന്നു രാം ഗോപാല്‍ വർമയുടെ പ്രതികരണം.
‘മാർക്കോ’ സിനിമയ്ക്ക് ലഭിക്കുന്നതുപോലെ ഞെട്ടിക്കുന്ന പ്രതികരണങ്ങളും പ്രശംസകളും ഇതിനു മുമ്ബ് ഒരു സിനിമയ്ക്കും കേട്ടിട്ടില്ലെന്നും ചിത്രം കാണാൻ അക്ഷമനായി കാത്തിരിക്കുകയാണെന്നുമാണ് രാം ഗോപാല്‍ വർമ ട്വീറ്റ് ചെയ്തത്. ഒപ്പം ഉണ്ണി മുകുന്ദനെ അദ്ദേഹം ടാഗ് ചെയ്തിട്ടുമുണ്ട്.
ഇത് ശ്രദ്ധയില്‍പ്പെട്ട ഉണ്ണി മുകുന്ദൻ മറുപടിയുമായി രംഗത്തെത്തി. ‘നന്ദി സർ. നിങ്ങളുടെ ഫീഡ്‌ബാക്ക് കേള്‍ക്കാനായി മാർക്കോ ടീം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞാനും ഒരു കടുത്ത സത്യാ ആരാധകനാണ്’, എന്നായിരുന്നു ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്.
അതേസമയം, ബോളിവുഡില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച് മാർക്കോ മുന്നേറുകയാണ്. ആദ്യദിനം 34 തിയറ്ററുകളില്‍ മാത്രം റിലീസായ മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് പ്രേക്ഷകരുടെ തള്ളിക്കയറ്റത്തെത്തുടര്‍ന്ന് രണ്ടാം വാരത്തില്‍ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം വ്യാപിപ്പിച്ചു. പലയിടങ്ങളിലും ചിത്രത്തിന് അധിക ഷോകളുമുണ്ടായി. ഹിന്ദിയ്ക്ക് പിന്നാലെ തെലുങ്ക്, തമിഴ് പതിപ്പുകളും ഇപ്പോള്‍ റിലീസിന് ഒരുങ്ങുകയാണ്. തെലുങ്ക് ജനുവരി 1നും തമിഴ് ജനുവരി 3നും തിയറ്ററുകളില്‍ എത്തും.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രത്തില്‍, ജഗദീഷ്, ആൻസണ്‍ പോള്‍, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്ബ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്, അബ്ദുള്‍ ഗദാഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കണ്‍ട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനില്‍ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്ബൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കണ്‍സല്‍ട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്‌എക്സ്: 3 ഡോർസ്. സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.