അവരുടെ ഭാവി ഇനി സെലക്റ്റര്‍ തീരുമാനിക്കട്ടെ! കോലിക്കും രോഹിത്തിനുമെതിരെ ഇന്ത്യയുടെ ഇതിഹാസ താരം
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ നാലാം ടെസ്റ്റിലെ 184 റണ്‍സ് തോല്‍വിയോടെ, ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു.പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ ജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു. ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആദ്യ രണ്ട് സ്ഥാനക്കാരാണ് ജൂണില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടുക. പരമ്ബരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാലും ഇന്ത്യക്ക് ഫൈനലില്‍ എത്തുക എളുപ്പമാവില്ല.
ഇന്ത്യക്കെതിരായ പരമ്ബരയ്ക്ക് ശേഷം ഓസ്‌ട്രേലിയയ്ക്ക് ശ്രീലങ്കയുമായി രണ്ട് ടെസ്റ്റ് ശേഷിക്കുന്നുണ്ട്. അതിലൊന്ന് ജയിച്ചാല്‍ ഓസ്‌ട്രേലിയ ഫൈനലിലെത്തും. ഓസ്‌ട്രേലിയയാണ് നിലവിലെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍. ഇതിനിടെ ഇന്ത്യന്‍ സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. സീനിയര്‍ ബാറ്റര്‍മാരാണ് ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദികളെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒന്‍പത് റണ്‍സിനും വിരാട് കോലി അഞ്ച് റണ്‍സിനും കെ എല്‍ രാഹുല്‍ പൂജ്യത്തിനും പുറത്തായി. 84 റണ്‍സെടുത്ത യശസ്വീ ജയ്‌സ്വാളിനും 30 റണ്‍സെടുത്ത റിഷഭ് പന്തിനും മാത്രമേ രണ്ടടക്കം കാണാനായുള്ളൂ. സീനിയര്‍ ബാറ്റര്‍മാരാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഉത്തരവാദിത്തം നിറവേറ്റാത്ത താരങ്ങളുടെ ഭാവി സെലക്ടര്‍മാരാണ് തീരുമാനിക്കേണ്ടതെന്നും ഗാവസ്‌കര്‍ പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയ തീരുമാനം തെറ്റായിരുന്നുവെന്നും ഗാവസ്‌കര്‍.
ബോര്‍ഡര്‍, ഗാവസ്‌കര്‍ പരമ്ബരയിലെ അഞ്ചാം ടെസ്റ്റോടെ രോഹിത് ശര്‍മ്മ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നിന് സിഡിനിയിലാണ് പരമ്ബരയിലെ അവസാന ടെസ്റ്റ്. ഇതിന് മുന്നോടിയായി രോഹിത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ചര്‍ച്ച നടത്തും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാല്‍ വിരമിക്കല്‍ തീരുമാനം രോഹിത് നീട്ടുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന പതിനഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് രോഹിത്തിന് 164 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ.