രോഹിത്തിന് വേണ്ടി ‘പ്രമുഖൻ’ ഗംഭീറിനെ സമീപിച്ചു, വഴങ്ങിയില്ലെന്ന് റിപ്പോര്‍ട്ട്, ഹിറ്റ്മാന്‍റെ ഭാവി എന്താകും

സിഡ്നി: അഞ്ചാം ഓസ്‌ട്രേലിയൻ ടെസ്റ്റില്‍ രോഹിത് ശർമ്മയെ പ്ലേയിംഗ് ഇലവനില്‍ നിലനിർത്താനുള്ള പ്രമുഖന്റെ അഭ്യർഥന പരിശീലകൻ ഗൗതം ഗംഭീർ നിരസിച്ചതായി റിപ്പോർട്ട്.ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആരാണ് ഗംഭീറില്‍ സ്വാധീനം ചെലുത്താൻ ശ്രമിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. രോഹിതിനെ പ്ലെയിംഗ് ഇലവനില്‍ നിലനിർത്താൻ ‘സ്വാധീനമുള്ള ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററില്‍’ നിന്ന് അഭ്യർഥന ലഭിച്ചെങ്കിലും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ പ്രതീക്ഷകള്‍ക്ക് പ്രാധാന്യം ഉള്ളതിനാല്‍ ഗംഭീർ ആവശ്യം നിരസിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

ബിസിസിഐയില്‍ വളരെയധികം ബഹുമാനമുള്ള അഡ്മിനിസ്‌ട്രേറ്ററാണ് രോഹിത്തിനെ സിഡ്നിയില്‍ കളിപ്പിക്കാമോ എന്നന്വേഷിച്ച്‌ ഗംഭീറിനെ സമീപിച്ചത്. സിഡ്‌നിയില്‍ ഇന്ത്യ വിജയിക്കുകയും ഡബ്ല്യുടിസി ഫൈനലില്‍ സ്ഥാനം പിടിക്കുകയും ചെയ്യുക എന്നതാണ് മുൻഗണനയെന്ന് ഗംഭീർ പറഞ്ഞെന്നാണ് റിപ്പോർട്ട്. അതോടൊപ്പം പരിശീലകനായ ഗംഭീറിനേക്കാള്‍ കൂടുതല്‍, ബുംറയോടും സെലക്ഷൻ കമ്മിറ്റി ചെയർമാർ ചെയർമാൻ അജിത് അഗാർക്കറോടും സംസാരിക്കുന്നതാണ് രോഹിത്തിന് ആശ്വാസമെന്നും റിപ്പോർട്ടില്‍ പറയുന്നുയ

നാളെ സിഡ്‌നിയില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റ് ഏറ്റുമുട്ടലില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ജസ്പ്രീത് ബുംറയായിരിക്കും ക്യാപ്റ്റൻ. സിഡ്നി ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനില്‍ ശുഭ്മാൻ ഗില്ലിനെ ഉള്‍പ്പെടുത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും 31 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ബാറ്റിംഗ് പൊസിഷനില്‍ ഒന്നിലധികം മാറ്റങ്ങള്‍ വരുത്തിയെങ്കിലും ക്യാപ്റ്റന് തിളങ്ങാനായില്ല. മോശം പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റൻ തന്നെ പുറത്തിരിക്കുന്നത് അപൂർവ സംഭവമാണ്. രോഹിത് കളിച്ചില്ലെങ്കില്‍ മോശം ഫോമിൻ്റെ പേരില്‍ പുറത്താക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് മാറും.