രോഹിത്തും റിഷഭ് പന്തും പുറത്തേക്കോ?; ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

സിഡ്നി: ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന് നാളെ തുടക്കമാകുമ്ബോള്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുതല്‍ റിഷഭ് പന്ത് വരെയുള്ളവരുടെ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമ്ബോള്‍ സിഡ്നിയില്‍ ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നാണ് കരുതുന്നത്. മത്സരത്തലേന്ന് പതിവ് വാര്‍ത്താസമ്മേളനത്തിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എത്തിയിരുന്നില്ല. കോച്ച്‌ ഗൗതം ഗംഭീര്‍ മാത്രമാണ് മാധ്യമങ്ങളെ കണ്ടത് എന്നത് നാളെ രോഹിത് കളിക്കില്ലെന്നതിന്‍റെ സൂചനയായും വ്യഖ്യാനിക്കപ്പെടുന്നുണ്ട്.

മെല്‍ബണില്‍ രണ്ട് ഇന്നിംഗ്സിലും നിര്‍ണായക സമയത്ത് മോശം ഷോട്ട് കളിച്ച്‌ പുറത്തായ റിഷഭ് പന്തിന്‍റെ ടീമിലെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്. സാഹചര്യം അനുസരിച്ച്‌ കളിക്കാതെ സ്വാഭാവിക കളിയെന്ന പേരില്‍ മോശം ഷോട്ട് കളിച്ച്‌ പുറത്താവുന്നത് ഇനിയും തുടരാനാവില്ലെന്ന ശക്തമായ താക്കീത് ഗംഭീര്‍ ടീം അംഗങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. രോഹിത് ശര്‍മ നാളെ കളിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ ഗംഭീര്‍ ഇന്ന് തയാറയതുമില്ല. ഈ സാഹചര്യത്തില്‍ സിഡ്നിയില്‍ നാളെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

അഞ്ച് ഇന്നിംഗ്സില്‍ നിന്ന് 31 റണ്‍സ് മാത്രം നേടിയ രോഹിത്തിനെ നാളെ കളിപ്പിച്ചില്ലെങ്കില്‍ കെ എല്‍ രാഹുല്‍ ഓപ്പണറായി തിരിച്ചെത്തും. ക്യാപ്റ്റന്‍ കളിച്ചാല്‍ ഒരുപക്ഷെ അത് രോഹിത്തിന്‍റെ വിടവാങ്ങല്‍ ടെസ്റ്റ് ആവാനും സാധ്യതയുണ്ട്. സിഡ്നിയിലും തോറ്റാല്‍ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

മൂന്നാം നമ്ബറില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രോഹിത് കളിച്ചില്ലെങ്കില്‍ മാത്രമെ ഗില്ലിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കു. ഇല്ലെങ്കില്‍ രോഹിത്തും യശസ്വിയും തന്നെയാകും ഓപ്പണര്‍മാര്‍. രാഹുല്‍ മൂന്നാം നമ്ബറിലും വിരാട് കോലി നാലാം നമ്ബറിലും തുടരാനാണ് സാധ്യത. റിഷഭ് പന്തിന്‍റെ ശൈലിയെക്കുറിച്ച്‌ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ നാളെ അഞ്ചാം നമ്ബറില്‍ ധ്രുവ് ജുറെലിനെ പരീക്ഷിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ധ്രുവ് ജുറെല്‍ പന്തിന് പകരം ടീമിലെത്തുമ്ബോള്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ ലഭിച്ചേക്കും.

ആറാം നമ്ബറില്‍ നിതീഷ് ബാറ്റിംഗിനെത്തും. സിഡ്നിയില്‍ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുമെന്നതിനാല്‍ രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നുറപ്പാണ്. പേസര്‍ ആകാശ് ദീപ് കളിക്കില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പേസര്‍ ഹര്‍ഷിത് റാണ ടീമില്‍ തിരിച്ചെത്തും. മെല്‍ബണില്‍ രണ്ടാം ഇന്നിംഗ്സില്‍ നന്നായി പന്തെറിഞ്ഞ മുഹമ്മദ് സിറാജ് ടീമില്‍ സ്ഥാനം നിലിനിര്‍ത്തുമ്ബോള്‍ ജസ്പ്രീത് ബുമ്ര തന്നെയാകും സിഡ്നിയിലും ഇന്ത്യയുടെ ബൗളിംഗ് കുന്തമുന.

ഓസ്ട്രേലിയക്കെതിരായ സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ/കെഎല്‍ രാഹുല്‍/ശുഭ്‌മാൻ ഗില്‍, വിരാട് കോലി, ധ്രുവ് ജുറല്‍, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദർ, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.