സ്കൂള്‍ ബസ് അപകടം; ആക്ഷേപം സര്‍ക്കാരിലേക്ക്, ഫിറ്റ്നസ് തീര്‍ന്ന ബസുകള്‍ക്ക് ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി

കണ്ണൂർ: കണ്ണൂർ സ്കൂള്‍ ബസ് അപകടത്തില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി.ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. സ്കൂള്‍ മാനേജ്മെൻ്റിൻ്റെ ആവശ്യ പ്രകാരം നീട്ടി നല്‍കാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി ദിവസങ്ങളില്‍ ഫിറ്റ്നസ് പരിശോധന നടത്തിയാല്‍ സർവ്വീസ് മുടങ്ങുമെന്നായിരുന്നു സ്കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്.

ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നല്‍കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. ഫിറ്റ്നസ് നീട്ടി നല്‍കാൻ മന്ത്രിക്കോ ഗതാഗത കമ്മീഷണർക്കോ അധികാരമില്ലാതിക്കെയാണ് നീട്ടി നല്‍കിയത്. ഫിറ്റ്നസ് കഴിഞ്ഞ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇൻഷുറൻസും ലഭിക്കില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അപകടത്തില്‍ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്.

പുതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത്. സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഇറക്കത്തിലെ വളവില്‍ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത്. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നില്‍ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസില്‍ നിന്ന് തെറിച്ച്‌ വീണുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പ്രതികരിച്ചു.

അതേസമയം, സ്കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡി പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തല്‍. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം. ഫോണ്‍ ഉപയോഗിച്ചതിനാല്‍ ശ്രദ്ധ പാളിയതാകാൻ സാധ്യതയുടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് പറഞ്ഞു. ബസിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്ന് ചിന്മയ സ്കൂള്‍
പ്രിൻസിപ്പാളും പറയുന്നു. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവർ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെർമിറ്റ് ഉണ്ടെന്നും ഫിറ്റ്നസ് നീട്ടിക്കിട്ടിയതാണെന്നും പ്രിൻസിപ്പാള്‍ ശശികുമാർ പറഞ്ഞു. നാല് മാസം മുമ്ബാണ് ഡ്രൈവറെ നിയമിച്ചത് പ്രിൻസിപ്പാള്‍ കൂട്ടിച്ചേര്‍ത്തു.