‘സിരി’ ചോര്‍ത്തല്‍ 820 കോടിക്ക് ഒത്തുതീര്‍പ്പാക്കാൻ ആപ്പിള്‍, കോടികള്‍ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ടിം കുക്കും നല്‍കും

ന്യൂയോർക്ക്: ഐഫോണും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്ന ആളുകളെ തങ്ങളുടെ വെർച്വല്‍ അസിസ്റ്റൻ്റ് സിരി ഉപയോഗിച്ച്‌ ആപ്പിള്‍ കമ്ബനി നിരീക്ഷിച്ചെന്നും വിവരങ്ങള്‍ ചോർത്തിയെന്നുമുള്ള കാര്യം അമേരിക്കയില്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്.കാലിഫോർണിയ ഫെഡറല്‍ കോടതിയിലെ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍ കമ്ബനി. കേസ് ഒത്തുതീർപ്പാക്കാൻ ഉപയോക്താക്കള്‍ക്കടക്കം ആപ്പിള്‍ 95 മില്യണ്‍ ഡോളർ (ഏകദേശം 820 കോടി രൂപ) മൊത്തത്തില്‍ നല്‍കാൻ കമ്ബനി തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെ കമ്ബനി സി ഇ ഒ ടിം കുക്ക്, ഡോണള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതിനായുള്ള സ്ഥാനാരോഹണ ഫണ്ടിലേക്ക് വൻ തുക സംഭാവന നല്‍കാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

ട്രംപിന്‍റെ രണ്ടാം സ്ഥാനാരോഹണ ഫണ്ടിലേക്ക് ആപ്പിള്‍ സി ഇ ഒ ടിം കുക്ക് ഒരു മില്യണ്‍ ഡോളർ സംഭാവന ചെയ്യുന്നുവെന്നാണ് വവരം. അതായത് എട്ടര കോടിയോളം രൂപ ടിം കുക്ക് മാത്രം സംഭാവന ചെയ്യും. അമേരിക്കയിലെ ഏറ്റവും വലിയ നികുതിദായകരായ ആപ്പിള്‍, ഒരു കമ്ബനി എന്ന നിലയില്‍ സംഭാവന നല്‍കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടാണ് സി ഇ ഒയുടെ പേരില്‍ ഒരു മില്യണ്‍ സംഭാവന നല്‍കാൻ തീരുമാനിച്ചിട്ടുള്ളതെന്നാണ് വിവരം.