‘സ്റ്റാന്‍റില്‍ ബസുകള്‍ക്ക് കയറിയിറങ്ങണ്ടേ, ആദ്യം കുഴിയടക്ക്’; പ്രതിഷേധം, നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു
ഇടുക്കി: തൊടുപുഴ നഗരത്തിലെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നഗരസഭാ കൗണ്‍സില്‍ യോഗം കൂടാതെ പിരിഞ്ഞു.ഉച്ചയ്ക്ക് രണ്ടിന് ചേര്‍ന്ന കൗണ്‍സില്‍ യോഗം മൂന്നു മണിയായിട്ടും അജണ്ട ചര്‍ച്ചയ്ക്ക് എടുക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് കൗണ്‍സില്‍ യോഗം ചേരാനാകാതെ പിരിയുകയായിരുന്നു. മങ്ങാട്ടുകവല സ്റ്റാന്‍ഡ് നിലവില്‍ ബസുകള്‍ക്ക് കയറുവാന്‍ കഴിയാത്ത രീതിയില്‍ പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണുള്ളതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു, അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്ന് അവര്‍ ആവശ്യപെട്ടു. എന്നാല്‍ ഇതിനു പരിഹാരം കാണുന്നതിന് ചെയറില്‍ നിന്നും ഒരു തീരുമാനവും ഉണ്ടായില്ല. ഇതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരായ മുഹമ്മദ് അഫ്‌സലും, ആര്‍. ഹരിയും പ്രതിഷേധിച്ച് ഹാളില്‍ നിന്നും ഇറങ്ങിപ്പോയി. മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെ കുഴികള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുന്ന കാര്യം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അജണ്ടവെച്ച് ചര്‍ച്ച ചെയ്യുന്നതിന് ചെയര്‍പേഴ്‌സണ്‍ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധകരമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെ അനുസ്മരിക്കാന്‍ ചെയറില്‍ നിന്നും തയ്യാറാകാത്തത് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ വന്‍ പ്രതിഷേധത്തിനു കാരണമായി. 2023-24 വര്‍ഷത്തെ പ്രൊജക്ടുകള്‍ക്ക് ഇനിയും തുടക്കം കുറിക്കാന്‍ സാധിക്കാത്തത് ഭരണ നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നു കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ. ദീപക്, കൗണ്‍സിലര്‍മാരായ ഷീജ ഷാഹുല്‍ ഹമീദ്, സനീഷ് ജോര്‍ജ്, സനു കൃഷ്ണന്‍, രാജി അജേഷ്, നീനു പ്രശാന്ത്, ജോര്‍ജ് ജോണ്‍, നിസ സക്കീര്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനോട് അനാദരവ് കാണിച്ച തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പരസ്യമായി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് ബാബു, എം.എച്ച് സജീവ് എന്നിവര്‍ ആവശ്യപ്പെട്ടു. ഡോ. മന്‍മോഹന്‍ സിങ് മരണപ്പെട്ടശേഷം നടന്ന ആദ്യ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ചെയ്യേണ്ടിയിരുന്നത് അജണ്ടക്ക് മുന്നേ അനുശോചനപ്രമേയം അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നീനു പ്രശാന്ത് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ച ശേഷം ആണ് ഒരു മൗന പ്രാര്‍ഥനയ്ക്ക് പോലും ചെയര്‍പേഴ്‌സണ്‍ തുനിഞ്ഞതെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ആരോപിച്ചു.