ഇരു വൃക്കകളും തകരാറില്‍, സഹായത്തിന് കാത്തുനില്‍ക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് സന്തോഷ് യാത്രയായി
മാന്നാർ: ചികില്‍സാ സഹായത്തിനായുള്ള നാടിന്റെ കരുതലിന് കാത്ത് നില്‍ക്കാതെ സന്തോഷ് മടങ്ങി. ഇരുവൃക്കകളും തകരാറിലായ മാന്നാർ പഞ്ചായത്ത് 14-ാം വാർഡില്‍ കിഴക്കേകാട്ടില്‍ മോഹനന്റെയും തങ്കമണിയുടെയും മകൻ സന്തോഷ് (43) ആണ് ഇന്നലെ പുലർച്ചെ മരണത്തിനു കീഴടങ്ങിയത്.കഴിഞ്ഞ ഒരു വർഷമായി വൃക്ക രോഗത്തെ തുടർന്ന് സന്തോഷ് ചികിത്സയിലായിരുന്നു.
മേസ്തിരിയായി ജോലി ചെയ്തിരുന്ന സന്തോഷിന് രോഗം ബാധിച്ചതോടെ ജോലിക്ക് പോകാൻ കഴിയാതാവുകയും ശുചീകരണ തൊഴിലാളിയായ ഭാര്യ സൗമ്യ ഭർത്താവിനെ പരിചരിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തതോടെ ചികിത്സയും മക്കളുടെ പഠനവുമെല്ലാം പ്രതിസന്ധിയിലായിരുന്നു. സന്തോഷിന്റെ വൃക്കകള്‍ മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ഭാര്യ വൃക്ക നല്കാൻ തയ്യാറായെങ്കിലും ശസ്ത്രക്രിയയ്ക്കായി 20 ലക്ഷം രൂപ കണ്ടെത്തുക എന്നത് ഈ നിർധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
ഇതിന് പിന്നാലെയാണ് സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ ഒരു നാട് ഒരുമിച്ചത്. ഇതിനായി മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ചെയർപേഴ്സണായും മാവേലിക്കര ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.കെപ്രസാദ് കണ്‍വീനറായും ചികില്‍സാ സഹായ സമിതി രൂപീകരിച്ച് മാന്നാർ വില്ലേജിലെ 11 വാർഡുകള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ 29 മുതല്‍ ഭവന സന്ദർശനം നടത്തി ധനസമാഹരണം നടത്തിവരെവെയാണ് സന്തോഷിന്റെ അപ്രതീക്ഷിത വിയോഗം. സംസ്കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പില്‍ നടക്കും. പ്ലസ്ടു വിദ്യാർഥിയായ ആദിത്യൻ, 10-ാം ക്ലാസുകാരനായ അർജുൻ എന്നിവരാണ് മക്കള്‍.