നാട്ടുകാര്‍ സംഘടിച്ച്‌ വലവിരിച്ചു, വിവരമറിയിച്ചിട്ടും മൈൻഡ് ചെയ്യാതെ പൊലീസ്, മോഷ്ടാവ് രക്ഷപ്പെട്ടു; പ്രതിഷേധം

മലപ്പുറം: മഞ്ചേരി മുള്ളമ്ബാറയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തിയെന്ന് സംശയിക്കപ്പെടുന്നയാളെ സംബന്ധിച്ച്‌ വിവരം നല്‍കിയിട്ടും പൊലീസ് സ്ഥലത്തെത്താനോ കസ്റ്റഡിയിലെടുക്കാനോ തയാറാകാത്തതില്‍ വ്യാപക പ്രതിഷേധം.പ്രദേശത്ത് വിവിധയിടങ്ങളില്‍ തുടര്‍ച്ചയായ മോഷണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച്‌ മോഷ്ടാവിനെ കണ്ടെത്താനായി ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

വരിയാലിലെ ഒരു കെട്ടിടത്തില്‍ കയറിയ മോഷ്ടാവിന്‍റെ ചിത്രം സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ച നാട്ടുകാര്‍ക്ക് മോഷ്ടാവിനെ സംബന്ധിച്ച്‌ ഏകദേശ ധാരണ ലഭിച്ചു. മുള്ളംമ്ബാറയിലെ ലോഡ്ജില്‍ താമസിച്ചു വരുന്ന വയനാട് സ്വദേശിയായ യുവാവ് ആയിരുന്നു അത്. മഞ്ചേരിയിലെ തുണിക്കടയില്‍ ജോലി ചെയ്തുവരുന്ന ഇയാള്‍ സ്ഥലത്തില്ലെന്ന് കണ്ടെത്തിയ നാട്ടുകാര്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ച വിവരങ്ങളും പൊലീസിന് കൈമാറി.

യുവാവിന്‍റെ പേരില്‍ കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയ്ക്ക് പ്രതി റൂമില്‍ എത്തിയതായി ലോഡ്ജ് ഉടമ നാട്ടുകാരെ അറിയിച്ചത്. ഉടന്‍ കൗണ്‍സിലര്‍ ടി.എം. നാസര്‍ മഞ്ചേരി പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ നൈറ്റ് പട്രോളിംഗ് ടീമുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഉടന്‍ നൈറ്റ് പട്രോളിംഗിന് നേതൃത്വം നല്‍കുന്ന എസ്‌ഐയോട് വിവരം പറഞ്ഞു. വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് എത്തിയില്ല. വീണ്ടും ബന്ധപ്പെട്ടപ്പോള്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വരാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്. ദിവസങ്ങളായി ഒരു പ്രദേശത്തെ ഉറക്കം കെടുത്തുന്ന പ്രശ്നത്തിന് അറുതിയുണ്ടാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടും പൊലീസ് ഗൗനിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഇതിനിടെ യുവാവ് തന്‍റെ വസ്ത്രങ്ങളടക്കമുള്ള സാധനങ്ങളുമെടുത്ത് രക്ഷപ്പെട്ടിരുന്നു. നാട്ടുകാര്‍ സംഘടിച്ച്‌ നേരം പുലരുവോളം മഞ്ചേരിയുടെ വിവിധയിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊതുജനത്തിന്‍റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥരായ നിയമപാലകര്‍ കാണിച്ച അനാസ്ഥ തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറയുന്നു.