നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും : മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.

വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളില്‍ കാര്യക്ഷമമാക്കണം. സര്‍ക്കാരിന്‍റെ വിവിധ ക്യാമ്ബയിനുകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലകളില്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യ മുക്തം നവകേരളം ക്യാമ്ബയിനില്‍ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയില്‍ തുടങ്ങിയ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്ബയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം.

സംസ്ഥാനത്ത് ഹരിത അയല്‍ക്കൂട്ടം 55 ശതമാനവും ഹരിത വിദ്യാലയം 51 ശതമാനവുമായി കൂടിയിട്ടുണ്ട്. ഹരിത ഓഫീസുകള്‍, ഹരിത ടൗണുകള്‍ തുടങ്ങിയ ആശയങ്ങള്‍ പ്രവര്‍ത്തികമാക്കി ജില്ലകളെ പ്രകൃതിസൗഹൃദമാക്കണം. മാലിന്യമുക്ത പരിപാടികളില്‍ സ്കൂളുകളെ കൂടുതലായി ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.