മൊബൈലില്‍ പകര്‍ത്താം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്നും നാളെയും കേരളത്തിന് മുകളില്‍

തിരുവനന്തപുരം: ശാസ്ത്രകുതുകികള്‍ക്ക് ആവേശം സമ്മാനിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്‌എസ്) ഇന്നും നാളെയും കേരളത്തിന് മുകളിലൂടെ പറക്കും.ഇന്ന് (ജനുവരി 9) വൈകിട്ട് 7.25നാണ് ഐഎസ്‌എസ് കേരളത്തിന് മുകളില്‍ പ്രവേശിക്കുക. അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാം. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് (WNW) ദിശയിലാവും ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. വടക്കുപറഞ്ഞാറ് വഴി സഞ്ചരിച്ച്‌ നിലയം വേഗം അപ്രത്യക്ഷമാവും. തെളിഞ്ഞ ആകാശം ഈ മനോഹര കാഴ്‌ച കാണാന്‍ നിര്‍ബന്ധമാണ്.

നാളെ (ജനുവരി 10) സമ്ബൂര്‍ണ തെളിമയോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാനാവും. രാവിലെ 5.21ന് ഐഎസ്‌എസ് കേരളത്തിന് തൊട്ടുമുകളിലെത്തും. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് (WNW) ദിശയിലാവും ഐഎസ്‌എസ് കേരളത്തില്‍ നിന്ന് കണ്ടുതുടങ്ങുക. ജനുവരി 10ന് വൈകിട്ട് 6.34നും (WSW) ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ബഹിരാകാശ നിലയം കാണാനാവില്ലെന്ന് പ്രത്യേകം ഓര്‍മിക്കുക.

ഇക്കഴിഞ്ഞ ജനുവരി ഏഴിന് അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ടത് ഏറെപ്പേര്‍ കണ്ടിരുന്നു. ഐഎസ്‌എസ് കേരളത്തിന് മുകളിലൂടെ പായുന്ന വീഡിയോ നിരവധിയാളുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

താഴ്ന്ന ഭൂഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്‌എസ്. ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഭാരം. ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ വഴിയാണ് നിലയം സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 27,000 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസയോഗ്യമായ സ്ഥലത്തിന്‍റെ വ്യാപ്തി 935 ഘനമീറ്ററാണ്. ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടക്കം ഏഴ് സഞ്ചാരികളാണ് നിലവില്‍ ഐഎസ്‌എസില്‍ കഴിയുന്നത്.