മൂന്നാം വാരം ആദ്യ വാരത്തേക്കാള്‍ 19 ഇരട്ടി! ഹിന്ദി ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച്‌ ‘മാര്‍ക്കോ’

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി കണ്ട അപൂര്‍വ്വം മലയാള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ മാര്‍ക്കോ.മലയാളത്തിന് പുറമെ തെലുങ്ക് പതിപ്പും കളക്ഷന്‍ നേടിയെങ്കിലും ഹിന്ദി പതിപ്പ് നേടിയ കളക്ഷനാണ് മോളിവുഡ് വ്യവസായത്തെത്തന്നെ അമ്ബരപ്പിച്ചത്. ഇപ്പോഴിതാ പ്രദര്‍ശനം നാലാം വാരത്തിലേക്ക് കടക്കുമ്ബോള്‍ ചിത്രം ഹിന്ദിയില്‍ ഇതുവരെ നേടിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

മലയാളം പതിപ്പിനൊപ്പം ഡിസംബര്‍ 20 നാണ് മാര്‍ക്കോയുടെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശിന്‍റെ കണക്ക് അനുസരിച്ച്‌ ഹിന്ദി പതിപ്പിന്‍റെ ആദ്യ വാര കളക്ഷന്‍ വെറും 30 ലക്ഷമായിരുന്നു. എന്നാല്‍ കണ്ടവര്‍ മികച്ച അഭിപ്രായം പറഞ്ഞതോടെ ചിത്രം കാണാന്‍ വലിയൊരു പ്രേക്ഷകവൃന്ദം തിയറ്ററുകളിലേക്ക് എത്തി. ഫലം പിന്നീടുള്ള ഓരോ ആഴ്ചയും ചിത്രത്തിന്‍റെ കളക്ഷന്‍ കൂടുക്കൂടി വന്നു.

ആദ്യ വാരം 30 ലക്ഷം നേടിയ ചിത്രം രണ്ടാം വാരത്തില്‍ 4.12 കോടി നേടി! മൂന്നാം വാരത്തില്‍ 5.64 കോടിയും. അതായത് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത് 10.06 കോടിയാണ്. മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷനാണ് ഇത്. ഇന്ത്യയില്‍ വിജയിച്ചതിന് പിന്നാലെ മാര്‍ക്കോ ഹിന്ദി പതിപ്പ് യുഎഇയിലും റിലീസ് ചെയ്തിരുന്നു. ഒരു മലയാള ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച്‌ ഒരു വലിയ സാധ്യതയാണ് മാര്‍ക്കോ തുറന്നിട്ടിരിക്കുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറില്‍ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.