ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു മതി! റിഷഭ് പന്തിനെ തഴഞ്ഞ് മുന്‍ താരം

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവസാന തിയ്യതി ഇന്നാണെന്നിരിക്കെ ബിസിസിഐ, ഐസിസിയോട് അവധി ചോദിച്ചിരുന്നു.വരുന്ന വെള്ളിയാഴ്ച്ചയോ ശനിയാഴ്ച്ചയോ ആയിരിക്കും ടീം പ്രഖ്യാപനം ഉണ്ടാവുക. വിക്കറ്റ് കീപ്പറായി ആരെ തിരഞ്ഞെടുക്കണമെന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന ആശയക്കുഴപ്പം. കെ എല്‍ രാഹുല്‍ ഒന്നാം വിക്കറ്റ് കീപ്പറാവാന്‍ സാധ്യത ഏറെയാണ്. ബാക്ക് അപ്പായി റിഷഭ് പന്ത് അല്ലെങ്കില്‍ സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാള്‍ വരും.

ഇപ്പോള്‍ ആരെ തിരഞ്ഞെടുക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. പന്തിന് പകരം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”സഞ്ജു അല്ലെങ്കില്‍ പന്ത് ഇവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്ന് ഞാന്‍ കരുതുന്നു. ദക്ഷിണാഫ്രിക്കയില്‍ മികച്ച പ്രകടനം പുറത്തെടുത്തതിനാല്‍ സഞ്ജുവിനെ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ കളിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. റിഷഭ് ഓസ്ട്രേലിയയില്‍ നന്നായി കളിച്ചു. പക്ഷേ അത് ഒരു നീണ്ട പര്യടനമായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് വിശ്രമം നല്‍കിയാല്‍ വലിയ കാര്യം.” ഹര്‍ഭജന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് ടി20 മത്സരത്തില്‍ നിന്ന് മൂന്ന് സെഞ്ചുറികളാണ് സഞ്ജു അടിച്ചെടുത്തത്. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും അദ്ദേഹം സെഞ്ച്വറി നേടി. 16 ഏകദിനങ്ങളില്‍, വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. വാഹനാപകടത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് 2024 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ ഒരു ഏകദിനം മാത്രമാണ് കളിച്ചത്.

ജഡേജയ്ക്ക് പകരം അക്‌സര്‍ കളിക്കണമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ”ജഡേജയ്ക്ക് മുകളില്‍ അക്‌സര്‍ പട്ടേലിനെ തിരഞ്ഞെടുക്കും. ഇത്രയും വര്‍ഷമായി ജഡേജ ചെയ്ത റോള്‍ നിറവേറ്റാന്‍ അക്‌സറിന് സാധിക്കും.” ഹര്‍ഭജന്‍ കൂട്ടിചേര്‍ത്തു. 2024ലെ ടി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അക്‌സറിന് സാധിച്ചിരുന്നു. അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 92 റണ്‍സാണ് അക്‌സര്‍ നേടിയത്. ഫൈനലില്‍ 31 പന്തില്‍ 47 റണ്‍സാണ് താരം അടിച്ചെടുത്തത്. കൂടാതെ, പാക്കിസ്ഥാനെതിരെയും ഇംഗ്ലണ്ടിനെതിരെയും ശ്രദ്ധേയമായ പ്രകടനത്തോടെ ഇടങ്കയ്യന്‍ സ്പിന്നര്‍ എട്ട് മത്സരങ്ങളില്‍ നിന്ന് ഒമ്ബത് വിക്കറ്റുകളും വീഴ്ത്തി.