Fincat

മദീന സന്ദര്‍ശിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് മലയാളി യുവതി മരിച്ചു; നാലുപേര്‍ക്ക് പരിക്ക്


റിയാദ്: ജിദ്ദയില്‍ നിന്ന് മദീന സന്ദർശനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം മദീനയിലെത്തുന്നതിന് മുമ്ബ് ബദ്‌റിനടുത്ത് അപകടത്തില്‍ പെട്ട് മലപ്പുറം സ്വദേശിനി മരിച്ചു.ഒതുക്കുങ്ങല്‍ ഇല്ലിക്കോട്ടില്‍ ഷഹ്‌മ ഷെറിൻ (30) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു.

പരിക്കേറ്റ ഷഹ്‌മ ഷെറിന്‍റെ സഹോദരീ ഭർത്താവ് മുഹമ്മദ് റഷാദ്, അവരുടെ മകള്‍ ആയിഷ റൂഹി എന്നിവരെ മദീന കിങ് ഫഹദ് ആശുപത്രിയിലും സഹോദരി നജിയ ഷെറിൻ, ഷഹ്‌മയുടെ മകള്‍ ജസ ഫാത്തിമ എന്നിവരെ യാംബു ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ജസ ഫാത്തിമയുടെ പരിക്ക് നിസ്സാരമായതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്.

വ്യഴാഴ്ച പുലർച്ചെ ജിദ്ദയില്‍ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ആറ് പേരടങ്ങുന്ന രണ്ട് കുടുംബങ്ങള്‍ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍ പെട്ടത്. ബദ്റില്‍ നിന്ന് മദീന റോഡില്‍ 40 കിലോമീറ്റർ അകലെ വ്യാഴാഴ്ച രാവിലെ 9.30 ന് ഇവരുടെ കാർ, ട്രൈലർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ജംഷീർ അലിയാണ് ഷഹ്‌മ ഷെറിെൻറ ഭർത്താവ്. പിതാവ്: മുഹമ്മദ് കുട്ടി ഇല്ലിക്കോട്ടില്‍ കൈപ്പറ്റ, മാതാവ്: ജമീല, മകള്‍: ജസ ഫാത്തിമ, സഹോദരങ്ങള്‍: അബൂബക്കർ, ജിൻഷാദ്, നജിയ ഷിറിൻ. ഷഹ്‌മ ഷെറിെൻറ മൃതദേഹം നടപടികള്‍ പൂർത്തിയാക്കി വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം ബദ്‌റില്‍ ഖബറടക്കം ചെയ്തു. ബദ്‌റിലെയും യാംബുവിലെയും സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും നടപടികള്‍ പൂർത്തിയാക്കാനും ആശുപത്രി നടപടികള്‍ക്കും രംഗത്തുണ്ടായിരുന്നു.