ഓടുപാകി വെറും ഒരാഴ്ച, മേല്‍ക്കൂര ദേ കിടക്കുന്നു; വെല്‍ഡര്‍ക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2 വര്‍ഷം ജയിലില്‍

കല്‍പ്പറ്റ: നിര്‍മാണം കഴിഞ്ഞ ഒരാഴ്ചകൊണ്ട് വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവത്തില്‍ കടുപ്പിച്ച്‌ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.മേല്‍ക്കൂര വീണ് കേടുപാട് സംഭവിച്ചതില്‍ നഷ്ടം നല്‍കാന്‍ തയ്യാറാകാത്ത അമ്ബലവയല്‍ സ്വദേശിയായ വെല്‍ഡര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി.

2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരന്റെ വീട്, ടെറസ് -ഓട് ഉള്‍പ്പെടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച്‌ ഒരാഴ്ചക്കകം തകര്‍ന്നു വീണ് വാട്ടര്‍ ടാങ്ക്, ചിമ്മിനി, പാത്തി എന്നിവ തകരുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കി. കമ്മീഷന്‍ നിരവധി തവണ പരാതിക്കാരന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷത്തി രണ്ടായിരം രൂപയും പലിശയും നല്‍കാന്‍ പ്രതിക്ക് അവസരം നല്‍കി. ഇതൊന്നും മുഖവിലയ്ക്കെടുക്കാൻ പ്രതി തയ്യാറായില്ല.

ഒടുവിലാണ് കര്‍ശന നടപടിയുമായി ഉപഭോക്തൃ കമ്മീഷൻ മുന്നോട്ടുപോയത്. പ്രതിക്കെതിരെ കമ്മീഷന്‍ വാറന്റ് പുറപ്പെടുവിച്ചു. തുടര്‍ന്നാണ് അമ്ബലവയല്‍ പൊലീസ് മുഖേന പ്രതിയെ അറസ്റ്റ് ചെയ്തത്. കമ്മീഷന്‍ നല്‍കിയ പിഴ അടക്കാതിരുന്നാല്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കമ്മീഷന്‍ പ്രസിഡന്റ് ഇന്‍-ചാര്‍ജ് എം. ബീന, അംഗം എ. എസ് സുഭഗന്‍ എന്നിവരാണ് ശിക്ഷ വിധിച്ചത്.