മുംബൈക്കായി രഞ്ജിയില്‍ കളിക്കുമോ?, ഒടുവില്‍ സസ്പെന്‍സ് അവസാനിപ്പിച്ച് മറുപടിയുമായി രോഹിത്
മുംബൈ: മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സസ്പെന്‍സ് അവസാനിപ്പിച്ച് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ചാമ്ബ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ രഞ്ജി ട്രോഫിയില്‍ കളിക്കുമോ എന്ന കാര്യം രോഹിത്തിനോട് ചോദിച്ചിരുന്നു. 23ന് ജമ്മു കശ്മീരിനെതിരെ നടക്കുന്ന രഞ്ജി മത്സരത്തില്‍ താന്‍ മുംബൈക്കായി കളിക്കുമെന്ന് രോഹിത് പറഞ്ഞു.
ഞാന്‍ കളിക്കും, കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാവും, ഞങ്ങള്‍ തുടര്‍ച്ചയായി മത്സരങ്ങള്‍കളിക്കുകയാണ്. ഇതിനിടെ ഒരു 45 ദിവസം പോലും തികച്ച് ഞങ്ങള്‍ വീട്ടില്‍ ഇരുന്നിട്ടില്ല. ഐപിഎല്‍ കഴിയുമ്ബോള്‍ സമയം കിട്ടുമെങ്കിലും ആ സമയം ടൂര്‍ണമെന്‍റുകളൊന്നുമില്ല. നമ്മുടെ ആഭ്യന്തര സീസണ്‍ ഒക്ടോബറില്‍ തുടങ്ങി മാര്‍ച്ചിലാണ് അവസാനിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിക്കാത്ത താരങ്ങള്‍ക്ക് ടീമിലില്ലാത്തപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാവുന്നതാണ്.
ഒരു കളിക്കാരനും ആഭ്യന്തര ക്രിക്കറ്റ് ബോധപൂര്‍വം ഒഴിവാക്കുമെന്ന് കരുതാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം 2019 മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിക്കാന്‍ തുടങ്ങിയതോടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സമയം കിട്ടാറില്ല. തുടര്‍ച്ചയായി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കുമ്ബോള്‍ വീണ്ടും പഴയ ഊര്‍ജ്ജത്തോടെ തിരിച്ചുവരാന്‍ ഇടക്കൊരു ഇടവേളയൊക്കെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതെ മാറി നില്‍ക്കുന്നതല്ലെന്നും രോഹിത് വിശദീകരിച്ചു. 2015ലാണ് രോഹിത് അവസാനം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചത്. 23ന് ജമ്മു കശ്മീരിനെതിരെയാണ് മുംബൈയുടെ അടുത്ത രഞ്ജി മത്സരം.
രോഹിത്തിന് പുറമെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കളിച്ച മലയാളി താരം ദേവ്ദത്ത് പടിക്കലും റിഷഭ് പന്തും ശുഭ്മാന്‍ ഗില്ലും അവരുടെ സംസ്ഥാനങ്ങള്‍ക്കായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതേസമയം, കഴുത്തുവേദന അനുഭവപ്പെട്ട വിരാട് കോലിയും കെ എല്‍ രാഹുലും രഞ്ജിയില്‍ കളിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.