‘ഇനി നീട്ടില്ല, ഇന്ന് മുതല്‍ കര്‍ക്കശം, പോര്‍ട്ടലും റെഡി’, സ്വര്‍ണവും രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബില്‍ നിര്‍ബന്ധം
തിരുവനന്തപുരം: സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബില്‍ നിർബന്ധമാക്കി.10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബില്‍ ബാധകമാക്കിയത്.ഇന്ന് (2025 ജനുവരി 20) മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്ബർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണല്‍ ഓപ്ഷൻ ഇ-വേ ബില്‍ പോർട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ജനുവരി 1 മുതല്‍ ഇ വേ ബില്‍ നിർബന്ധമാക്കിയിരുന്നെങ്കിലും ഇ-വേ ബില്‍ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇത് താത്കാലികമായി മാറ്റി വച്ചിരുന്നു. നിലവില്‍ ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്.
വില്‍പനയ്ക്കായും എക്സിബിഷൻ, ഹാള്‍മാർക്കിംഗ്, ജോബ് വർക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ വേ ബില്‍ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയില്‍ നിന്ന് സ്വർണവും വജ്രവും വാങ്ങുന്ന വ്യക്തിയോ സ്ഥാപനമോ ചരക്ക് നീക്കത്തിന് മുൻപായി ഇ വേ ബില്ല് ജനറേറ്റ് ചെയ്തിരിക്കണം. ഇ-വേ ബില്ലിന്റെ പാർട്ട് -എയാണ് ഇത്തരം ആവശ്യങ്ങള്‍ക്കായി ജനറേറ്റ് ചെയ്യണ്ടത്. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങള്‍ ലഭ്യമാക്കേണ്ട ആവശ്യമില്ല. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.