കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്നു

മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവൃത്തികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാത്തതിന്റെ പേരില്‍ ഫണ്ടുകള്‍ മുടങ്ങുന്ന അവസ്ഥയുണ്ടാകരുതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.കെ.എസ്.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, ജെ.ജെ.എം, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം.പദ്ധതികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍, പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവയുടെ പുരോഗതി യോഗം അവലോകനം ചെയ്തു.
എം.പിമാരായ അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുള്‍ വഹാബ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാകലക്ടര്‍ വി.ആര്‍ വിനോദ്, ഡി.ആര്‍.ഡി.എ പ്രൊജക്ട് ഡയറക്ടര്‍ ബി.എല്‍.ബിജിത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത്- നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.