ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി അപകടം; മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങിയ പിതാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വിദേശത്തേക്ക് പോയ മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് മാരായമുട്ടം,വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിയാണ് മരിച്ചത്.മകൻ സന്തോഷിനെ വിമാനത്താവളത്തില്‍ വിട്ടതിനു ശേഷം തിരികെ വരികയായിരുന്നു കുടുംബം. എസ്ബിഐ ബാങ്കിന് സമീപത്തായിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തില്‍പെട്ടത്.
രാത്രി 12.30 ഓടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബാലരാമപുരത്ത് വച്ച് ലോറിക്ക് പിന്നിലിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിക്കടിയിലേക്ക് കയറിയ നിലയിലായിരുന്നു. ഗുരുതര പരുക്കേറ്റ സ്റ്റാൻലിയേയും ഒപ്പമുണ്ടായിരുന്നവരെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഒരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്.