ബംഗ്ലാദേശ് പാകിസ്ഥാനിലേക്ക് അടുക്കുന്നു, ഐഎസ്‌ഐ ഉന്നതര്‍ ധാക്കയിലേക്ക്, സൂക്ഷ്മമായി നിരീക്ഷിച്ച് ഇന്ത്യ
ദില്ലി: ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. പാകിസ്ഥാൻ.പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥർ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിക്കും. ഇക്കാലയളവില്‍ ബംഗ്ലാദേശ്-പാക് സൈനിക ഉദ്യോഗസ്ഥർ തമ്മിലെ ചർച്ചകളിലും വർധനവുണ്ടായി. ഐഎസ്‌ഐയുടെ ഡയറക്‌ടർ ജനറല്‍ ഓഫ് അനാലിസിസ് മേജർ ജനറല്‍ ഷാഹിദ് അമീർ അഫ്‌സറും മറ്റ് ചില ഉദ്യോഗസ്ഥരുമാണ് ബംഗ്ലാദേശ് സന്ദർശിക്കുന്നത്. ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം പാകിസ്ഥാൻ പര്യടനം നടത്തുകയും മൂന്ന് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിന് ശേഷമാണ് പാക് സൈനിക ഉദ്യോഗസ്ഥരുടെ ധാക്ക സന്ദർശനത്തില്‍ തീരുമാനമായത്.
അതേസമയം, അയല്‍പക്കത്തെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ വെള്ളിയാഴ്ച പറഞ്ഞു. ഹസീനയെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ബംഗ്ലാദേശിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.
മേഖലയില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയാണെന്നും സർക്കാർ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലദേശിനോടുള്ള ഇന്ത്യയുടെ സമീപനം സൗഹൃദബന്ധം നിലനിർത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യവും പുരോഗമനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാൻ ബന്ധം ശക്തിപ്പെടുത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഡിസംബറില്‍ ബംഗ്ലദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഡി-8 ഉച്ചകോടിക്കെത്തിയപ്പോള്‍ കെയ്‌റോയില്‍ കൂടിക്കാഴ്ച നടത്തി. 1971ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ബംഗ്ലാദേശ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നു.