ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയില്‍ കൂടുതല്‍ കണ്ടെത്തല്‍

തൃശ്ശൂർ: തൃശ്ശൂർ മാളയില്‍ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്.തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം മാലയായി കെട്ടുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ ഇരുവരുടെയും കൈക്ക് പൊളളലേറ്റു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മറ്റൊരു കാര്യം കൂടി വ്യക്തമായി. ലൈസൻസില്ലാതെ വൻ പടക്കശേഖരമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ പൊലീസ് കണ്ടെത്തിയത്. മാള പൊലീസ് ഇയാള്‍ക്കതിരെ കേസെടുത്തിട്ടുണ്ട്.