Fincat

ഓട്ടോകാര്‍ക്ക് മൂക്കുകയറിടാൻ എംവിഡി, മീറ്ററിടാതെ ഓടിയാല്‍ ഇനി ‘സൗജന്യ യാത്ര’; സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാൻ നിര്‍ദേശം

തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കർശന നടപടി വരുന്നു. മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന ‘മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.ഇത് സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനമെന്നതിനാല്‍ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള വ്യാപക പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിച്ചിരുന്നു. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളില്‍ മോട്ടോർവാഹനവകുപ്പ് അധികൃതർ ഇക്കാര്യം പലതവണ വ്യക്തമാക്കിയതുമാണ്. എന്നിട്ടും പഴയപടിയാണെന്ന വിലയിരുത്തലിലാണ് കർശന നടപടിക്കൊരുങ്ങുന്നത്. എന്നാല്‍ “മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ ‌ സ്റ്റിക്കര്‍ പതിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നത് കണ്ടറിയണം. ഇതിനൊപ്പം വർധിച്ചു വരുന്ന ബസ് അപകടങ്ങള്‍ കുറയ്ക്കുന്നതിനായി വാഹനം ഓടിക്കുമ്ബോള്‍ ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോയെന്ന് പരിശോധിച്ച്‌ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം ബസുകളില്‍ സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തിട്ടുണ്ട്.

ഡ്രൈവർമാരുടെ കണ്‍പോളകള്‍ അടയുന്നത് തിരിച്ചറിഞ്ഞ് ഇത് പ്രത്യേക ശബ്ദം പുറപ്പെടുവിക്കുമ്ബോള്‍ ഡ്രൈവർ ഉണരുന്ന സംവിധാനമാണിത്. ടെസ്റ്റ് നടക്കുമ്ബോള്‍ ഇവ പരിശോധിച്ച്‌ പ്രവർത്തനം ഉറപ്പാക്കും. ഇതിനൊപ്പം ഗ്ലാസില്‍ നിന്നുള്ള റിഫ്ലക്ഷൻ ഒഴിവാക്കാൻ ഡ്രൈവറുടെ സീറ്റിന് പിന്നില്‍ കർട്ടൻ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. നേരത്തെ ബസുകളില്‍ ഡ്രൈവർ സീറ്റിനും കോ പാസഞ്ചർ സീറ്റിനും സീറ്റ് ബല്‍റ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും ഇത് പലരും പ്രാവർത്തികമാക്കിയിട്ടില്ല.