റെയില്‍വെ ട്രാക്കില്‍ വീണ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ തിരയുന്നതിനിടെ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു
ചെന്നൈ: റെയില്‍വെ ട്രാക്കില്‍ വീണുപോയ ബ്ലൂടൂത്ത് ഇയർ ഫോണ്‍ തിരയുന്നിതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു.ചെന്നൈ കോടമ്ബാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആർട്സ് കോളേജില്‍ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാല്‍ (19) ആണ് മരിച്ചത്.
വില്ലുപുരം ജില്ലയിലെ ചിന്നസേലത്തിന് സമീപം പുതുസൊരത്തൂർ സ്വദേശിയായ രാജഗോപാല്‍ സെയ്ദാപേട്ടിലെ സർക്കാർ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്നു. കോളേജ് സമയം കഴിഞ്ഞ് കാറ്ററിങ് ജോലികള്‍ക്ക് പോയിരുന്ന രാജഗോപാല്‍ വെള്ളിയാഴ്ച വൈകുന്നേരം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
ട്രെയിൻ യാത്രയ്ക്കിടെ ബ്ലൂടൂത്ത് ഇയർഫോണ്‍ ട്രാക്കില്‍ വീണുപോയി. തുടർന്ന് കോടമ്ബാക്കം സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം ട്രാക്കിലൂടെ നടന്ന് ഇയർ ഫോണ്‍ തിരയുന്നതിനിടെ താംബരത്തു നിന്ന് വരികയായിരുന്ന സബർബൻ ട്രെയിൻ യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ട്രെയിനിടിച്ച് ഗുരുതരമായി പരിക്കേറ്റ രാജഗോപാലിനെ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.