ചെങ്കല്‍ നിര്‍മ്മാണയന്ത്രത്തിന് നിലവാരമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി 9,60,000 രൂപ നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശിയായ റഹ്മാബിയുടെ ഉപജീവനത്തിനായി ആരംഭിച്ച ചെങ്കല്‍ നിര്‍മ്മാണ യൂണിറ്റിലേക്ക് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി സപ്ലൈ ചെയ്ത യന്ത്രസാമഗ്രികൾക്ക് ആവശ്യപ്പെട്ട സൗകര്യമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി 9,60,000/ രൂപയും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. മണിക്കൂറില്‍ 200 ടൈലുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് യന്ത്രം വാങ്ങിയതെങ്കിലും 60 എണ്ണം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി ആവശ്യപ്പെട്ടതനുസരിച്ചുള്ള യന്ത്രമാണ് ഉണ്ടാക്കി നല്‍കിയതെന്നും പരിചയമില്ലാത്ത ജോലിക്കാരെ ഉപയോഗിച്ചതിനാലും അമിത ഉല്‍പ്പാദനം നടത്തിയതിനാലുമാണ് യന്ത്രത്തിന് തകരാര്‍ സംഭവിച്ചതെന്നുമായിരുന്നു എതിർകക്ഷിയുടെ വാദം. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ വിദഗ്ദ്ധന്റെ പരിശോധനയില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് യന്ത്രത്തിന്റെ വില 6,60,000/ രൂപയും നഷ്ടപരിഹാരമായി 3,00,000/ രൂപയും കോടതി ചെലവായി 10,000/ രൂപയും നല്‍കാന്‍ കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി.മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്‍ ഉത്തരവിട്ടത്.കോയമ്പത്തൂർ ആസ്ഥാനമായുള്ള ഇന്റലക്ട് ടെക്‌നോളജീസ് എന്ന സ്ഥാപനമാണ് വിധി നടപ്പിലാക്കേണ്ടത്. ഒരു മാസത്തിനകം വിധി നടപ്പാക്കിയില്ലെങ്കിൽ വിധി സംഖ്യയ്ക്ക് 12 ശതമാനം പലിശ നൽകണം എന്നും ഉത്തരവിൽ ഉണ്ട്.