പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; സുപ്രധാന ഉത്തരവിറക്കി സര്‍ക്കാര്‍, വെടിവെച്ച് കൊല്ലാമെന്ന് വനം മന്ത്രി
മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. കടുവാ ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. തുടര്‍ച്ചയായ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചതെന്നും ഇതിനാല്‍ ആളുകളടെ ജീവന് ഭീഷണിയായി മാറിയ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്നും നിയമ തടസമുണ്ടാകില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
കടുവയെ പിടികൂടാൻ നല്ല പ്രവർത്തനമാണ് നടക്കുന്നത്. എന്നാല്‍, അത് ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപോഴാഴാണ് ഉന്നത തല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് തെരച്ചിലിനിടെ ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാല്‍ ആണ് നരഭോജി എന്ന പ്രഖ്യാപനം.
കാടിനോട് ചേർന്നുള്ള മേഖലകളിലെ അടിക്കാടുകള്‍ വെട്ടാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയി നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തില്‍ കേന്ദ്ര സർക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരില്‍ നിന്ന് ലഭിക്കുന്നില്ല.
പുതിയ സംഭവ വികാസങ്ങള്‍ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വിളിച്ചാല്‍ ഒരു ഫോണ്‍ കോള്‍ നഷടം എന്നത് മാത്രമാണ്. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. 100 ക്യാമറകള്‍ വയനാട്ടില്‍ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകള്‍ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.
വിഡി സതീശന്‍റെ യാത്രയെയും വനം മന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിയമങ്ങളെ കുറിച്ച് വിഡി സതീശൻ ഒരു അക്ഷരം പറയുന്നില്ലെന്നും ബോധ പൂർവ്വം ആണോ അല്ലയോ എന്ന് അറിയില്ലെന്നും എകെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. കേരളത്തെ എട്ടോളം കേന്ദ്ര നിയമങ്ങള്‍ കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പുരാണത്തിലേത് പോലെ മാംസം അറുത്ത് എടുത്തോളു ഒരു തുള്ളി ചോര പൊടിയരുത് എന്നതാണ് കേന്ദ്ര നയം. കല്‍പ്പറ്റ പെരുന്തട്ടയില്‍ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകള്‍ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.