നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സമഗ്ര വയോജന പരിചരണ യൂണിറ്റ് മന്ത്രി നാടിന് സമര്‍പ്പിച്ചു
പതിനഞ്ചാം ധനകാര്യ കമ്മീഷന് ആരോഗ്യ ഗ്രാന്റില്‍ ഉള്‍പ്പെടുത്തി തദ്ദേശസ്വയംഭരണ വകുപ്പ് വഴി നിലമ്പൂര്‍ നഗരസഭയ്ക്ക് അനുവദിച്ച 1.02 കോടി രൂപ ചെലവില്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം കായിക – ന്യൂനപക്ഷ ക്ഷേമ- വഖഫ് – ഹജ് മന്ത്രി വി അബ്ദുറഹിമാന് നിര്‍വഹിച്ചു. ഈ പദ്ധതിയില്‍ സംസ്ഥാനത്ത് തന്നെ ആദ്യമായി പ്രവര്‍ത്തന സജ്ജമായ ജെറിയാട്രിക് വാര്‍ഡാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മന്ത്രി നാടിന് സമര്‍പ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്മാന് മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു.
സമഗ്ര വയോജന പരിചരണ യൂണിറ്റിന്റെ ഭാഗമായി പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി 10 കിടക്കകളോട് കൂടിയ ജെറിയാട്രിക് വാര്‍ഡാണ് യാഥാര്‍ത്ഥ്യമായത്. ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച യൂണിറ്റ് പ്രായമായവര്‍ക്ക് സൗഹൃദപരമായ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ നല്‍കും. പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്. രണ്ട് വാര്‍ഡിലും ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ ഫോള്‍ഡബിള്‍ ഗ്രാബ് ബാറുകള്‍, ഷവര്‍ സീറ്റുകള്‍, കോര്‍ഡ് അലാറങ്ങള്‍, ഉയര്‍ന്ന ടോയ്ലറ്റ് സീറ്റുകള്‍ എന്നിവയോടുകൂടിയ പുതിയ ടോയ്ലറ്റ് ബ്ലോക്കും നിര്‍മ്മിച്ചിട്ടുണ്ട്.
10 കിടക്കകളില്‍ രണ്ടുവീതം പവര്‍ സോക്കറ്റുകള്‍, വാക്വം ബോട്ടില്‍, ഫ്ലോമീറ്റര്സ് എന്നിവയോട് കൂടിയ ഗ്യാസ് ഔട്ട്ലെറ്റുകള് ലഭ്യമാണ്.
ജെറിയാട്രിക്ക് വാര്‍ഡുകളിലേക്ക് 21 ലക്ഷം രൂപയുടെ അനുബന്ധ ഉപകാരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇവിടേക്ക് ഒരു ജെറിയാട്രീഷ്യനെയും ഒരു സ്റ്റാഫ് നഴ്സിനെയും എന്‍.എച്ച്.എം മുഖേന നിയമിക്കും.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ അരുമ ജയകൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷരായ കക്കാടന്‍ റഹീം, പി.എം ബഷീര്‍, യു.കെ ബിന്ദു, സക്കറിയ കിനാന്‍ തോപ്പില്‍, ഷൈജി ടീച്ചര്‍, കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനൂപ് ടി.എന്‍, ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു, നിലമ്പൂര്‍ ആയിഷ, ഫാദര്‍ ജെയ്സണ്‍ കുഴിക്കണ്ടത്തില്‍, എച്ച്. എം.സി അംഗങ്ങളായ ഇ പത്മാക്ഷന്, എം മുജീബ് റഹ്മാന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ മോഹനന്, പരുന്തന്‍ നൗഷാദ് തുടങ്ങിയര്‍ സംസാരിച്ചു.