പൊതു രംഗത്തെ ജ്വലിക്കുന്ന ഓര്‍മ്മകളായി മുന്‍ എം.എല്‍.എ ഡോ.സി.എം കുട്ടി ; താനൂര്കാരുടെ സ്വന്തം കുട്ട്യാക്കയുടെ വേര്‍പാടിന് കാല്‍ നൂറ്റാണ്ട്

 

പൊതു രംഗത്തെ കര്‍മ്മ യോഗി ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922-2000) വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സമൂഹത്തിന്റെ പരിഛേദങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു കാലഘട്ടത്തിന്റെ ജനനായകനായിരുന്നു മുന്‍ എം.എല്‍.എ കൂടിയായിരുന്ന ഡോ.സി.എം കുട്ടി. നിസ്വാര്‍ത്ഥതയുടെയും സ്നേഹത്തിന്റെയും നിറകുടമായിരുന്നു താനൂര്കാരുടെ സ്വന്തം സി.എം കുട്ടിയാക്ക. ചെറുപ്പം മുതലേ മുസ്ലിംലീഗില്‍ ആകൃഷ്ടനായ അദ്ദേഹം എം.എസ്.എഫ് മലബാര്‍ ജില്ലയുടെ പ്രമുഖ നേതാവും പ്രംസംഗികനുമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ മദിരാശി സംസ്ഥാനത്തിന്റെ എം.എസ്.എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തി. പിന്നീട് മുസ്ലീംലീഗ് വേദികളിലെ സ്ഥിര സാന്നിധ്യമായി സി.എം കുട്ടി മാറി.

കലാ,സാസ്‌കാരികം, സാഹിത്യം, സംഘാടനം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ കൊത്തിവച്ച ഡോ.സി.എം.കുട്ടി എന്ന പ്രതിഭയെ ചരിത്രാന്വേഷികളും രാഷ്ട്രീയ വിദ്യാര്‍ത്ഥികളും വായിക്കുകയും തൊട്ടറിയേണ്ടതുമുണ്ട്.
താനൂര്‍ സ്വദേശിയായ സി.എം കുട്ടി 1922 ജനുവരിയിലായിരുന്നു ജനനം. ഒരു ഡോക്ടറായിരുന്ന സി.എം കുട്ടി കേരളത്തിന്റെ രണ്ടാം നിയമസഭയിലും മൂന്നാം നിയമസഭയിലും അംഗമായിരുന്നു. 1957 ല്‍ നിയമസഭയിലേക്ക് കൊടുവള്ളിയില്‍ നിന്നും ഗോപാലന്‍കുട്ടി നായരുമായി കന്നിയങ്കം കുറിച്ചെങ്കിലും കുറഞ്ഞ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. പിന്നീട് 1962 ഏപ്രില്‍ 29-ന് താനൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ടാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. സി.എച്ച് മുഹമ്മദ് കോയ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജിവെച്ച ഒഴിവിലായിരുന്നു സി.എച്ചിന്റെ പിന്‍ഗാമിയായി ഡോ.സി.എം കുട്ടി എത്തിയത്.

മൂന്നാം കേരള നിയമസഭയിലേക്കുള്ള 1965-ലെ പൊതുതെരുഞ്ഞടുപ്പില്‍ താനൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെ വീണ്ടും നിയമസഭയിലെത്തി. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ കാലഘട്ടത്തില്‍ നിയമസഭ ചേര്‍ന്നിരുന്നില്ല. 1967 കുറ്റിപ്പുറത്ത് നിന്നും വീണ്ടും നിയമസഭയിലെത്തി.
അടിയന്തരാവസ്ഥയ്ക്കുശേഷം 1977ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖിലേന്ത്യാ ലീഗിന്റെ ബാനറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മുസ്ലിം ലീഗിലെ യുഎ ബീരാനോട് പരാജയപ്പെട്ടു. മുസ്ലിം ലീഗിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും ചന്ദ്രിക ദിനപത്രത്തിന്റെ സബ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക ദിനപ്രത്രത്തിന്റെ പ്രാരംഭ ഘട്ടംമുതല്‍ സി.എച്ച് മുഹമ്മദ് കോയയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്ലീംലീഗിന്റെ വിദ്യാര്‍ത്ഥി ഘടകം എം.എസ്.എഫിന്റെ സ്ഥാപക നേതാവു കൂടിയാണ് ഡോ.സി.എം കുട്ടി.

ഡോ.സി.എം കുട്ടി

 

മികച്ച എഴുത്തുകാരനായിരുന്ന സി.എം കുട്ടി ശ്രദ്ധേയമായ ഒട്ടേറെ ലേഖനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും കര്‍ത്താവുകൂടിയാണ്. 1962 ലെ തന്റെ നിയമസഭാനുഭവ കാലഘട്ടം പിന്നീട് നിയമസഭ പുറത്തിറക്കിയ പത്രികയില്‍ പങ്കുവെച്ചതിങ്ങനെ:

              സ്പീക്കറായിരുന്ന കെ.എം സീതിസാഹിബ് അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സി.എച്ച് മുഹമ്മദ്കോയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസുമായി മുസ്ലീംലീഗിന് അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സി.എച്ചിന് സ്പീക്കര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നു. 1962 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്നും സി.എച്ച് മുഹമ്മദ്കോയ മത്സരിച്ചു വിജയിച്ചതിനാല്‍ അദ്ദേഹം തന്റെ കേരള നിയമസഭാ അംഗത്വം രാജിവെച്ചു.
താനൂര്‍ മണ്ഡലം എംഎല്‍എ ആയിരുന്ന സി.എച്ചിന്റെ രാജി മൂലം താനൂരില്‍ ഉണ്ടായ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഞാന്‍ ആദ്യമായി അസംബ്ലിയില്‍ അംഗമായി. കോണ്‍ഗ്രസ്, ലീഗ് പി.എസ്.പി സംഖ്യത്തിന്റെ അടിസ്ഥാനത്തില്‍ 1960 ല്‍ നിലവില്‍വന്ന മന്ത്രി സഭയില്‍ പട്ടം താണുപ്പിള്ള മുഖ്യമന്ത്രിയായി. ചെറിയ പാര്‍ട്ടിയുടെ നേതാവാണെങ്കിലും പ്രായവും പരിചയവും കഴിവും മുന്‍ നിര്‍ത്തി അദ്ദേഹത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. വലിയ പാര്‍ട്ടിയുടെ നേതാവായ ആര്‍.ശങ്കര്‍ ഉപ മുഖ്യമന്ത്രിയായി. കോണ്‍ഗ്രസുമായി ആദ്യം തെറ്റിപ്പിരിഞ്ഞ മുസ്ലിംലീഗ് പ്രതിപക്ഷത്തായി. പിന്നീട് കോണ്‍ഗ്രസും പി.എസ്.പിയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് പ്രവര്‍ത്തനം സുഖകരമായി മുന്നോട്ടു പോയില്ല. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ പ്രേരണ മൂലം പട്ടം താണുപ്പിള്ളയെ പഞ്ചാബിലെ ഗവര്‍ണറാക്കി. ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു. പി.എസ്.പി മന്ത്രിയായിരുന്ന കെ. ചന്ദ്ര ശേഖരന്‍, ദാമോദരന്‍ പോറ്റി എന്നിവര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് മറ്റൊരു സംഭവം വികാസമായിരുന്നു. പി.എസ്.പിയും പ്രതിപക്ഷത്തേക്കു നീങ്ങി. 64 അംഗങ്ങളുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സുഖകരമായി മുന്നോട്ടു പോകാന്‍ സാധിക്കാത്തവിധം കോണ്‍ഗ്രസില്‍ തന്നെ ഭിന്നിപ്പുണ്ടായി. കോണ്‍ഗ്രസിന്റെ പ്രഗല്‍ഭനായ മന്ത്രി പി.ടി ചാക്കോയും മുഖ്യമന്ത്രി ആര്‍.ശങ്കറും സ്വരച്ചേര്‍ച്ചയില്ലാതെയാണ് മുന്നോട്ട് പോയിരുന്നത്. ഏറ്റവും സുപ്രസിദ്ധമായ ഭൂപരിഷ്‌ക്കരണ ബില്ല് റവന്യു വകുപ്പ് മന്ത്രി കൂടിയായ പി.ടി ചാക്കോ നിയമസഭയില്‍ അവതരിപ്പിച്ചു. അദ്ദേഹം അത് പാസാക്കിയെടുത്തു. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഭംഗിയായി തെളിയിക്കുകയും ചെയ്തു.
ബില്ല് പാസാക്കിയെടുത്തതിനു ശേഷം അദ്ദേഹം സ്വല്‍പം വിശ്രമിക്കണമെന്ന ഉദ്ദേശത്തോടുകൂടി യാത്ര ചെയ്ത കാര്‍ ഒരു കാളവണ്ടിയുമായി ഇടിച്ചു. ആ സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മറ്റൊരു വിധത്തില്‍ അപകീര്‍ത്തിയുണ്ടായി. അക്കാരണംകൊണ്ട് മന്ത്രി സ്ഥാനത്ത് നിന്നൊഴിയണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഒരു വിഭാഗം ശഠിച്ചു. എം.എല്‍.എയായ പ്രഹ്ലാദന്‍ ഗോപാലന്‍ ഇതിനുവേണ്ടി നിയമസഭാ ഹാളിന്റെ കവാടത്തില്‍ സത്യാഗ്രഹം അനുഷ്ഠിച്ചു. വയോധികനായ അന്നത്തെ സ്പീക്കര്‍ അലക്സാണ്ടര്‍ പറമ്പിത്തറ ഗോപാലനെ ഇക്കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം പാരാജയപ്പെട്ടു. ഒടുവില്‍ ചാക്കോ മന്ത്രിസ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ന്ന് ചാക്കോയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മുഖ്യമന്ത്രി ശങ്കറുമായും സുഖകരമായിട്ടല്ല പെരുമാറിയിരുന്നത്. 1960 ല്‍ ഉടലെടുത്ത സഖ്യകക്ഷി ഭരണത്തില്‍ നിന്ന് ലീഗും പി.എസ്.പിയും മാറി നിന്നെങ്കിലും 64 ആളുകളുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഭിന്നിപ്പ് പ്രതിപക്ഷത്തിന് മുതലെടുക്കാന്‍ അവസരം സൃഷ്ടിക്കപ്പെട്ടു. പി.എസ്.പിയിലെ പി.കെ കുഞ്ഞു ഗവണ്‍മെന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. പ്രതിപക്ഷത്തിനു പുറമെ ചാക്കോ വിഭാഗത്തില്‍പ്പെട്ട കെ.എം ജോര്‍ജ്, ആര്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. പക്ഷെ ശങ്കര്‍ വിരുദ്ധ ഗ്രൂപ്പിന്റെ നേതാവായിരുന്ന പി.ടി ചാക്കോ പരസ്യമായി തന്നെ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. അങ്ങിനെ അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് തകര്‍ന്നു.

പിന്നീട് 1965ലാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് നടന്നത്. അന്നും താനൂര്‍ മണ്ഡലത്തില്‍ നിന്ന് ഞാന്‍ ജനവിധി നേടി ജയിച്ചു. പക്ഷെ ഒരു കക്ഷിക്കും ഒരു ഗവണ്‍മെന്റ് ഉണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം കിട്ടാത്തതുമൂലം അസംബ്ലികൂടാന്‍ സാധിച്ചില്ല. അതിനു ശേഷം 1967ല്‍ തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസിനെതിരായി സപ്തമുന്നണിയാണ് ജയിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ നിന്നാണ് ഞാന്‍ ജയിച്ചത്. മുമ്പ് 64 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് വെറും ഒമ്പത് അംഗങ്ങളെ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രതിപക്ഷ ഗ്രൂപ്പായിരുന്നു കോണ്‍ഗ്രസിന്റേത്. ഈ മന്ത്രിസഭയിലായിരുന്നു മുസ്ലീംലീഗ് പാര്‍ട്ടി ആദ്യമായി മന്ത്രി സ്ഥാനത്ത് വന്നത്. 1960 ലെ തെരഞ്ഞെടുപ്പില്‍ മന്ത്രി സ്ഥാനം കോണ്‍ഗ്രസിനാല്‍ നിഷേധിക്കപ്പെട്ട ലീഗിന് ഇതൊരു പ്രതികാരമായിത്തീര്‍ന്നു. ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ ഉടലെടുത്ത ഈ മന്ത്രിസഭക്ക് സുഖകരമായി മുന്നോട്ടു പോകാന്‍ സാധിക്കാത്ത ചില സംഭവ വികാസങ്ങള്‍ ഉണ്ടായി. മന്ത്രിസഭയിലെ ആരോഗ്യകാര്യ മന്ത്രിയായിരുന്ന വെല്ലിംഗ്ടണിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. ഈ അഴിമതി ആരോപണം ഗവണ്‍മെന്റ് പക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉന്നയിക്കപ്പെട്ടു. പക്ഷെ അദ്ദേഹത്തിനെതിരെ ഒരന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഇ.എം.എസ് തയ്യാറായില്ല. അന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.എം ഒഴികെയുള്ള എല്ലാ ഭരണ കക്ഷി അംഗങ്ങളും പ്രമേയത്തിന് നോട്ടീസ് കൊടുത്തു. ആ പ്രമേയം നറുക്കിട്ടെടുത്തപ്പോള്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ക്ക് ലഭിച്ചു. പ്രമേയം പാസായ സന്ദര്‍ഭത്തില്‍ മുഖ്യമന്ത്രി ഇം.എം.എസ് നമ്പൂതിരിപ്പാട് ചികിത്സാര്‍ത്ഥം ജര്‍മനിയിലായിരുന്നു.
പ്രമേയം പാസായ സ്ഥിതിക്ക് അത് നടപ്പിലാക്കാന്‍ ബാധ്യസ്ഥനായ ഇ.എം.എസ് ജര്‍മനിയില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ വെല്ലംഗ്ടണിനെതിരായ അണിമതി ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് അസംബ്ലിയില്‍ പ്രഖ്യാപിച്ചു. പക്ഷേ കൂട്ടത്തില്‍ പ്രതികാര ബുദ്ധിയോടുകൂടി മറ്റു മന്ത്രിമാരായ എം.എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, പി.കെ കുഞ്ഞു, പി.ആര്‍ കുറുപ്പ് എന്നിവരേയും കൂട്ടിയുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിന് വിധേയരായിട്ടുള്ള മന്ത്രിമാര്‍ അന്വേഷണം തീരുന്നതുവരെ മന്ത്രിസ്ഥാനത്തു തുടരാവുന്നതാണ് എന്നും പ്രഖ്യാപിച്ചു. പക്ഷേ വെല്ലിംഗ്ടണ്‍ ഒഴികെയുള്ള മന്ത്രിമാര്‍ അവരുടെ രാജി സമര്‍പ്പിച്ചു. ലീഗ് മന്ത്രിമാരും രാജിക്ക് തയ്യാറായി. ഇതോടുകൂടി ഇ.എം.എസ് തന്റെ മന്ത്രിസഭയുടെ രാജി സമര്‍പ്പിക്കുകകയാണ് ഉണ്ടായത്.


പക്ഷേ അപ്രതീക്ഷിതമായി ഘടകകക്ഷികള്‍ രാജ്യസഭാംഗമായ സി.അച്ചുതമേനോനെക്കൊണ്ട് മന്ത്രിസഭ ഉണ്ടാക്കിച്ചു. പ്രസ്തുത മന്ത്രിസഭയില്‍ അന്വേഷണ വിധേയരായിട്ടുള്ള മന്ത്രിമാര്‍ ചേര്‍ന്നില്ല. പകരം അവരുടെ പ്രതിനിധികളായിട്ട് മറ്റുള്ളവരെയാണ് എടുത്തത്. രാജ്യസഭാംഗമായ അച്ചുതമേനോനെ നിയമസഭാംഗമാകാന്‍ അവസരം സൃഷ്ടിക്കപ്പെട്ടു. തന്റെ പാര്‍ട്ടിയിലെ അംഗമായ ഇ.ചന്ദ്രശേഖരന്‍ നായര്‍ തന്റെ നിയമസഭംഗത്വം രാജിവെക്കുകയും കൊട്ടാരക്കര സീറ്റ് അച്ചുതമേനോന് വേണ്ടി നല്‍കുകയും ചെയ്തു. അവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അച്ചുതമേനോന്‍ വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രിസഭ സുഖകരമായി മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തില്‍ മറ്റു ചില തടസ്സങ്ങളും നേരിട്ടിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടവും കൂറുമാറ്റ പ്രേരണയും നടന്നുകൊണ്ടിരുന്നു. ഈ വാര്‍ത്തകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ബജറ്റ് സമ്മേളന സമയത്ത് വ്യവസായ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പി.രവീന്ദ്രന്‍ തന്റെ വകുപ്പിന്റെ ധനാഭ്യര്‍ത്ഥന അവതരിപ്പിക്കാന്‍ പോകുമ്പോള്‍ മുഖ്യമന്ത്രി അച്ചുതമേനോന്‍ സ്പീക്കറോട് ഒരു സബ്മിഷന്‍ മുഖാന്തരം ഒരു കാര്യം ഉയര്‍ത്തി. ഇങ്ങനെ ഈ ഗവണ്‍മെന്റിനെ അനുകൂലിക്കുന്നവര്‍ പലരും മറുപക്ഷത്ത് പോകുന്നുവെന്ന് പത്രങ്ങളില്‍ വരുന്ന സ്ഥിതിക്ക് ഒരു വിശ്വാസ പ്രമേയം കൊണ്ടുവന്നതിനു ശേഷമേ ബജറ്റ് അവതരിപ്പിക്കാന്‍ ഉദ്ധേശിക്കുന്നുള്ളുവെന്നത് കൊണ്ട് സഭ നിര്‍ത്തിവയ്ക്കണമെന്ന് അദ്ദേഹം സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. സ്പീക്കര്‍ ദാമോദരന്‍ പോറ്റി അതനുസരിച്ച് സഭ നിര്‍ത്തിവെച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഉദ്ദേശിച്ചതു പോലെ അച്ചുതമേനോന്‍ തന്റെ ഗവണ്‍മെന്റില്‍ വിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം കൊണ്ടുവന്നു പാസ്സാക്കിയെടുത്തു. തുടര്‍ന്ന് ബജറ്റ് പാസാക്കി തന്റെ ഗവണ്‍മെന്റിലുള്ള വിശ്വാസം തെളിയിക്കപ്പെട്ടതിനു ശേഷം അദ്ദേഹം ആ അടിസ്ഥാനത്തില്‍ ഗവ.പിരിച്ചുവിടാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടു. അങ്ങനെ ആ മന്ത്രിസഭ അവസാനിക്കുകയും ചെയ്തു.

പിന്നീട് 1970 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അച്ചുതമേനോന്‍ തന്നെ മുഖ്യമന്ത്രിയായി 6 വര്‍ഷം ഭരണം നടത്തി. 70 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുകയോ പിന്നീട് നിയമസഭയില്‍ പോകുകയോ ചെയ്തിട്ടില്ല. 6 വര്‍ഷക്കാലത്തെ എന്റെ നിയമസഭാ കാലഘട്ടത്തിലെ ഹൃസ്വമായ ചില സംഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്.- ഡോ.സി.എം കുട്ടി
2000 മെയ് 12 ന് ആയിരുന്നു ഡോ.സി.എം കുട്ടി യുടെ വേര്‍പാട്. പരേതയായ ആമിന ബീവി ആണ് ഭാര്യ. മക്കള്‍: ആഴിഷ (താനൂര്‍), സലീം (മഹിമ മെഡിക്കല്‍സ്), താഹിറ (താനൂര്‍). മരുമക്കള്‍: വി.പി മുഹമ്മദ് ബാവ (റിട്ട.സിന്‍ഡിക്കാറ്റ് ബാങ്ക് അസി.മാനേജര്‍), വി.പി അബൂബക്കര്‍, ഫാത്തിമ റൂബിയത്ത്.