വഖഫ് നിയമ ഭേദഗതി വഖഫിന്റെ അന്തസത്ത തകര്‍ക്കുന്നത് – ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി
മലപ്പുറം: വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ജെപിസി
റിപ്പോര്‍ട്ടിനെയും അതിന്റെ തുടര്‍ നടപടികളെയും കീഴ്‌മേല്‍ മറിക്കുന്നതാണ് ഇന്നലെ മുതല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന മാധ്യമ വാര്‍ത്തകളുടെ അന്തസത്ത. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ബില്ലിലും ഇപ്പോള്‍ എടുത്തിട്ടുള്ള നടപടിയിലും വ്യക്തമാവുന്ന കാര്യം, സര്‍ക്കാര്‍ വഖഫ് നിയമം ലക്ഷ്യമാക്കുന്ന വിഭാഗത്തെ ഒരിഞ്ച് പരിഗണിച്ചില്ല എന്നതാണ്. കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഏത് സമയത്തും സര്‍ക്കാര്‍ എടുക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനം ഇതിലും എടുത്തിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്.
ജെപിസി അംഗങ്ങളെ പോലും പുഛിക്കുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്.
ബിജെപി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന റിപ്പോര്‍ട്ട് നേരത്തെ അവര്‍ ബില്ലില്‍ അനുവര്‍ത്തിച്ചിരുന്ന നയത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്തതാണ്.
സര്‍ക്കാര്‍ കാണിച്ച് വരുന്ന മര്‍ക്കട മുഷ്ഠി ഇതിലും കാണിച്ചിരിക്കുന്നതായി കാണാനാവും.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഭേദഗതികളായി കൊണ്ട് വന്ന വഖഫ് ബോര്‍ഡുകളില്‍ രണ്ട് അമുസ്ലിങ്ങള്‍ വേണമെന്ന ക്ലോസ് ആവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുസ്ലിം ആയിക്കൊള്ളണമെന്നില്ല എന്നുള്ള സമീപനവും എടുത്തിട്ടുണ്ട്.
5 വര്‍ഷമായി ഇസ്ലാം മതം അനുഷ്ഠിക്കുന്ന വ്യകതിക്കെ വഖഫ് ചെയ്യാവു എന്ന നേരത്തെയുള്ള നിയമം കുറച്ചുകൂടി കടുപ്പിച്ചിരിക്കുന്നു. മുസ്ലിം ആണെന്ന് കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളിന് മാത്രമേ വഖഫ് ചെയ്യാവു എന്നാക്കി മാറ്റി അത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കിമാറ്റിയിരിക്കുന്നു.
സര്‍വ്വേകളുടെ ചുമതല വഖഫ് കമ്മിഷനുകളില്‍ നിന്ന് മാറ്റി ജില്ലാ കലക്ടര്‍മാക്ക് കൊടുത്ത നടപടിയും ദുരുപദിഷ്ടമാണ്.
ട്രൈബൂണലാണ് വഖഫ് സ്വത്തു സംബന്ധിച്ച അവകാശ തര്‍ക്കം പോലുള്ള കാര്യങ്ങളില്‍ ഇടപെടേണ്ടത്. എന്നാല്‍ അത് അംഗീകരിച്ചില്ലെന്ന് മാത്രമല്ല അതും സര്‍ക്കാരിന്റെ ദയദാക്ഷീണത്തിന് വിധേയമായി ചെയുന്ന സ്വഭാവത്തിലാണ് വിവക്ഷിച്ചിട്ടുള്ളത്.
പുതിയ വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ സംബന്ധിച്ചും ഗവണ്മെന്റ് അധികാരത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നു മാത്രമല്ല കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്.
വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷനുകള്‍ക്ക് ഉണ്ടായിരുന്ന അധികാരം ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നടപടി ഗുരുതരമാണ്. മുന്‍ നിയമ പ്രകാരം കലക്ടര്‍ക്ക് നല്‍കിയ അധികാരം പുതിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥന് എന്നാക്കി മാറ്റി സര്‍ക്കാരിന് കുറേകൂടി അമിത അധികാരം നല്‍കുകയാണ്.
ഇത് സംബന്ധിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഈ കാര്യം സജീവമായി ചര്‍ച്ച ചെയ്യണമെന്ന് നാളെ ചേരുന്ന പാര്‍ലമെന്റ് കക്ഷി നേതാക്കളുടെ യോഗത്തില്‍ ഉന്നയിക്കും. പാര്‍ലമെന്റിന്റെ എല്ലാ വേദികളിലും വളരെ ശക്തമായ സമീപനം ഇക്കാര്യത്തില്‍ എടുക്കും. പാര്‍ലമെന്റിന്റെ അകത്തും പുറത്തും നിരന്തരമായ പോരാട്ടം നടുത്തുമെന്ന മുസ്ലിം ലീഗിന്റെ മുന്‍ പ്രഖ്യാപനം അക്ഷരാര്‍ത്ഥത്തില്‍ നിര്‍വഹിക്കുകയും ചെയ്യും. സമാനചിന്താഗതിക്കാരുമായി ഇന്നും നാളെയും ഡല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും ഇ.ടി പറഞ്ഞു.