Main Banner

യുഡിഎഫ് മലയോര സമര യാത്രയില്‍ പി.വി അന്‍വര്‍ പങ്കെടുക്കും

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര സമര ജാഥയില്‍ പി.വി അന്‍വറും പങ്കെടുക്കും. എല്‍.ഡി.എഫ് വിട്ട പി.വി അന്‍വര്‍ ഘട്ടം ഘട്ടമായാണ് യുഡിഎഫിലേക്ക് അടുത്തത്. ഇന്ന് മുസ്ലിംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് അന്‍വര്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ ദിവസം വയനാട് വച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് യുഡിഎഫ് ജാഥയില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി അന്‍വര്‍ എത്തിയിട്ടുള്ളത്. യുഡിഎഫില്‍ നിന്നുള്ള പ്രത്യേക ക്ഷണം പരിപാടിയില്‍ പങ്കെടുക്കാന്‍ ലഭിച്ചതോടെയാണ് ഇക്കാര്യം അന്‍വര്‍ പരസ്യമാക്കിയത്. വ്യാഴാഴ്ച മലയോര സമര യാത്ര നിലമ്പൂരില്‍ എത്തുമ്പോഴായിരിക്കും അന്‍വര്‍ പങ്കെടുക്കുക. മലയോര പ്രശ്‌നങ്ങള്‍ നിരന്തരമായി ഉയര്‍ത്തുന്ന ആളുകൂടിയാണ് അന്‍വര്‍.

1 st paragraph

യുഡിഎഫ് സമര യാത്രയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചുള്ള പി.വി അന്‍വറിന്റെ ഫേസ്ബുക്കു കുറിപ്പ് ഇങ്ങനെ:

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര സമര യാത്ര നാളെ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കരയില്‍ എത്തിച്ചേരുകയാണ്.

2nd paragraph

മലയോര മേഖലയില്‍ താമസിക്കുന്ന സാധാരണക്കാരും കര്‍ഷകരും നേരിടുന്ന വെല്ലുവിളികളെയും അവരുടെ ജീവല്‍ പ്രശ്‌നങ്ങളെയും ഒരുകാലത്തും രാഷ്ട്രീയമായി സമീപിച്ചിട്ടില്ല. സംസ്ഥാന മന്ത്രിസഭ 1961ലെ സംസ്ഥാന വന നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച നിമിഷം മുതല്‍ ഒരു ജനതയെയും ഭൂപ്രദേശത്തെയും ആകെ ബാധിക്കുന്ന വിഷയം എന്നുള്ള രീതിയിലാണ് ഞാനും തൃണമൂല്‍ കോണ്‍ഗ്രസും ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും, വനം വന്യജീവി നിയമഭേദഗതിക്ക് എതിരെയും വന്യജീവി ആക്രമണങ്ങള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ എടുക്കുകയും ജനകീയ പോരാട്ടങ്ങളെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തിട്ടുണ്ട്.
നാളെ എടക്കരയില്‍ യുഡിഎഫിന്റെ മലയോര സമര യാത്രയുടെ സ്വീകരണ വേദിയിലേക്ക് ഔദ്യോഗികമായി എന്നെയും ക്ഷണിച്ചിരിക്കുകയാണ്. ഈ വിഷയം ഏറ്റെടുത്തു നടത്തിയ സമരപോരാട്ടങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍, ക്ഷണത്തെ അങ്ങേയറ്റം ബഹുമാനാദരങ്ങളോടെ സ്വീകരിക്കുന്നു.
മലയോര മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫിന് നിസ്സീമമായ പിന്തുണ അര്‍പ്പിക്കുന്നതിനോടൊപ്പം,പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശന്‍,യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍,കെ പി സി സി പ്രസിഡണ്ട് കെ.സുധാകരന്‍, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍,പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, പി. ജെ ജോസഫ് ,സി.പി ജോണ്‍, ഷിബു ബേബി ജോണ്‍,ശ്രീ അനൂപ് ജേക്കബ്, എന്നിവര്‍ അടക്കം യുഡിഎഫിന്റെ എല്ലാ നേതാക്കളെയും പ്രവര്‍ത്തകരെയും ഈ അവസരത്തില്‍ അഭിവാദ്യം ചെയ്യുകയാണ്.
മലയോര സമര യാത്ര ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് താക്കീതായി മാറാനും, ഗവണ്‍മെന്റിനു മുമ്പില്‍ സമ്മര്‍ദ്ദശക്തിയാവാനും ജാഥക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.