രണ്ടാം ഘട്ട ഹജ്ജ് പരിശീലന ക്ലാസ് ഫെബ്രുവരി 3 മുതല്‍; ഈ വര്‍ഷത്തെ ഹജ്ജിന് ഇതുവരെ 15,481

ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ 25 വരെ തിയ്യതികളിന്‍ നടത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. സസ്ഥാനതല ഉദ്ഘാടനം കായിക – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫെബ്രുവരി 3-ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍വ്വഹിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 14 ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലായി രണ്ടാംഘട്ട പരിശീലന ക്ലാസ്സുകള്‍ നടക്കും.

കേരളത്തില്‍ നിന്ന് ഇതുവരെ ഈ വര്‍ഷത്തെ ഹജ്ജിന് 15,481 പേര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 6,337 പുരുഷന്മാരും 9144 പേര്‍ സ്ത്രീകളുമാണ്. വെയ്റ്റിംഗ് ലിസ്റ്റിലെ ക്രമനമ്പര്‍ 2208 വരെയുള്ളവര്‍ക്ക് അവസരം ലഭിച്ചു. കണ്ണൂരില്‍ പുതിയ ഹജ്ജ് ഹൗസ് നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ ആവശ്യമായ കാര്യങ്ങള്‍ ത്വരിത ഗതിയിലാക്കും.

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ., അഡ്വ. പി. മൊയ്തീന്‍കുട്ടി, പി.പി. മുഹമ്മദ് റാഫി, പി ടി അക്ബര്‍, അഷ്‌കര്‍ കോരാഡ്, ഒ.വി. ജാഹ്ഫര്‍ കണ്ണൂര്‍, ഷംസുദ്ദീന്‍ അരീഞ്ചിറ, എം.എസ്. അനസ് ഹാജി, മുഹമ്മദ് സക്കീര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷാ, അഡ്വ. എം.കെ. സക്കീര്‍ എന്നിവര്‍ പങ്കെടുത്തു. അസ്സയിന്‍ പി.കെ. സ്വാഗതം പറഞ്ഞു.