രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തായ് പൗരന്മാര്‍ ഉള്‍പ്പെടെ 11 ബന്ദികളെ കൂടി മോചിപ്പിക്കും ; പട്ടിക കൈമാറി ഹമാസ്

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തായ് പൗരന്മാര്‍ ഉള്‍പ്പെടെ ഗാസയില്‍ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേല്‍. തായ്ലന്‍ഡുകാരുള്‍പ്പെടെ വ്യാഴാഴ്ച മോചിപ്പിക്കുന്ന എട്ട് ബന്ദികളുടെ പട്ടിക ഹമാസില്‍ നിന്ന് ലഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ബാക്കിയുള്ള മൂന്ന് പരുഷന്മാരെ ശനിയാഴ്ച മോചിപ്പിക്കപ്പെടുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയ എട്ട് പേരെയാണ് വ്യാഴാഴ്ച മോചിപ്പിക്കുക. ഇതില്‍ മൂന്ന് ഇസ്രായേലികളും അഞ്ച് തായ്ലന്‍ഡുകാരുമാണുള്ളത്. അര്‍ബെല്‍ യെഹൂദ്, അഗം ബെര്‍ഗര്‍, ഗാഡി മോസസ് എന്നീ ഇസ്രയേല്‍ പൗരന്മാരെയാണ് വ്യാഴാഴ്ച മോചിപ്പിക്കുന്നത്.

ഗാസയിലേക്കുള്ള സഹായം ഇസ്രായേല്‍ വൈകിപ്പിക്കുകയും കരാര്‍ അപകടത്തിലാക്കുകയും ചെയ്യുന്നതായി ഹമാസ് ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഹമാസ് ഇതുവരെ ഏഴ് ബന്ദികളെ മോചിപ്പിച്ചിട്ടുണ്ട്. ഇതിന് പകരമായി 290 പലസ്തീന്‍ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു.
42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നാണ് കരാര്‍ വ്യവസ്ഥ. ഇതിന് പകരമായി ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തിലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കും എന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും മടക്കം.