സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്പ്പറേഷന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ശനിയാഴ്ച
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി ഒന്നിന് (ശനിയാഴ്ച) രാവിലെ 10 ന് കായിക – ന്യൂനപക്ഷക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ എസ് എം ഡി എഫ് സി ചെയര്മാന് ഡോ. സ്റ്റീഫന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും.
കെ.എസ്.എം.ഡി.എഫ്.സി.യുടെ വിവിധ മേഖലാ ഓഫീസുകളില്‍നിന്നും വായ്പ എടുക്കുകയും എന്നാല്‍ വിവിധ കാരണങ്ങളാല്‍ യഥാസമയം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇളവ് നല്കാന് 2024 ഒക്ടോബര്‍ 10 മുതല്‍ 2025 മാര്‍ച്ച് 31വരെയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി വരുന്നത്. വായ്പക്കാരന് മരണപ്പെട്ട വായ്പകള്‍, നിരാലംബര്‍/മാതാപിതാക്കളുടെ മരണം മൂലം ബാധ്യയ വായ്പകള്‍, മാരക രോഗം ബാധിച്ചവര്‍, അവരുടെ കുടുംബാംഗങ്ങള്‍, കിടപ്പ് രോഗികളായതുകൊണ്ട് മുടങ്ങിയ വായ്പകള്‍, അപകടം മൂലം ശയ്യാവലംബരായവര്‍, വലിയ സര്‍ജറിക്ക് വിധേയരായവര്‍, പ്രകൃതി ദുരന്തങ്ങള്‍, അഗ്നിബാധമൂലം കൃഷി, കച്ചവടം എന്നിവയില്‍ നാശനഷ്ടം സംഭവിച്ചവര്‍, പശു, കോഴിവളര്‍ത്തല്‍ പദ്ധതികളില്‍ കുളമ്പ് രോഗം, പക്ഷിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ വന്ന് നാശനഷ്ടം സംഭവിച്ചവര്‍, നഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്‍, പകര്‍ച്ചവ്യാധികള്‍ മൂലം തിരിച്ചടവ് മുടങ്ങിയ സ്വയംതൊഴില്‍ വായ്പകള്‍ തുടങ്ങി തിരിച്ചടവ് മുടങ്ങിയ വായ്പകളുടെ കുടിശ്ശികയില്‍ ഇളവ് നല്‍കിക്കൊണ്ട് തീര്‍പ്പാക്കുന്നതിനുള്ള അവസരമാണ് കെ.എസ്. എം.ഡി.എഫ്.സി. ഒരുക്കിയിരിക്കുന്നത്. ജനപ്രതിനിധികളും കെ.എസ്. എം.ഡി.എഫ്.സി.യുടെ ബോര്‍ഡ് അംഗങ്ങളും ഉപഭോക്താക്കളും ചടങ്ങില്‍ പങ്കെടുക്കും.