ബഹിരാകാശാത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന റെകോര്‍ഡിട്ട് സുനിത വില്യംസ് ; പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സഹയാത്രികനായ യൂജിന്‍ ബുച്ച് വില്‍മോറും സുനിതയ്‌ക്കൊപ്പമുണ്ടായിരുന്നു. ഒമ്പത് ബഹിരാകാശ നടത്തങ്ങളിലായി 62 മണിക്കൂറും ആറ് മിനിട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ നാസയുടെ പെഗ്ഗി വിന്‍സ്റ്റണിന്റെ റെക്കോര്‍ഡാണ് സുനിത മറികടന്നത്. പത്ത് ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.
അതേ സമയം, മാസങ്ങളോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍കുടുങ്ങിക്കിടക്കുന്ന കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസിനെയും, യൂജിന്‍ ബുച്ച് വില്‍മോറിനെയും നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസ അറിയിച്ചിട്ടുണ്ട്. ഇരുവരെയും തിരികെ എത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മസ്‌കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്ത വര്‍ഷം തുടക്കത്തോടെ തിരികെ എത്തിക്കുമെന്നാണ് നേരത്തെ നാസ അറിയിച്ചിരുന്നത്. എന്നാല്‍ ലിഫ്റ്റ്ഓഫിനായി പുതിയ ക്യാപ്സ്യൂള്‍ തയ്യാറാക്കാന്‍ സ്പേസ് എക്സിന് കൂടുതല്‍ സമയം ആവശ്യമാണെന്നതിനെ തുടര്‍ന്ന് നാസ മടക്ക യാത്ര വീണ്ടും വൈകിപ്പിക്കുകയായിരുന്നു. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ തുടക്കത്തിലോ ഇവരെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു വിവരം. വേഗതയേക്കാള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്നും നാസ അറിയിച്ചിരുന്നു.
സുനിതാ വില്യംസിനെയും സഹയാത്രികന്‍ യൂജിന്‍ ബുച്ച് വില്‍മോറിനെയും കൊണ്ട് ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകം പിന്നീട് പലതവണ യാത്ര മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വില്‌മോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.