വാഷിംങ്ടണ്‍ വിമാനാപകടം: 67 മരണം; മരിച്ചവരില്‍ 14 ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളും

ഇന്നലെ വാഷിങ്ടണില്‍ ഉണ്ടായ വിമാനാപകടത്തില്‍ 67 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കന്‍ ഏജന്‍സികള്‍ അറിയിക്കുന്നു.
മരിച്ചവരില്‍ 14 ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളും ഉള്‍പ്പെട്ടതായാണ് വിവരം. സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ക്യാമ്പില്‍ നിന്ന് മടങ്ങുകയായിരുന്നു സംഘം.
യുഎസിലെ വിചിറ്റയിലെ നാഷണല്‍ ഡെവലപ്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. റഷ്യന്‍ വംശജരായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ച്, യുവ സ്‌കേറ്റര്‍മാരെ പരിശീലിപ്പിച്ച് വരികയായിരുന്നു. 1994ല്‍ ലോക സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായിരുന്നു ഇവര്‍. ഇവരുടെ മകനും അപകടം നടക്കുമ്പോള്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.
ഹെലികോപ്റ്ററിലെയും വിമാനത്തിലെയും ബ്ലാക് ബോക്‌സ് പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. മുങ്ങല്‍ വിദഗ്ധര്‍ തത്കാലത്തേക്ക് തിരച്ചില്‍ നിര്‍ത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അടച്ചിട്ട വാഷിങ്ടണിലെ റെയ്ഗന്‍ നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചു.
അപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ ഗതാഗത സുരക്ഷാ ഏജന്‍സി അറിയിച്ചു. ഒരു തെറ്റ് സംഭവിച്ചുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രതികരിച്ചു. അതിനിടെ അപകടത്തില്‍ ബൈഡന്‍ സര്‍ക്കാരിനെ പഴിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. മുന്‍ സര്‍ക്കാരിന്റെ ഡൈവേര്‍സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ നടപടികളാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 29ന് യുഎസ് സമയം രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തില്‍ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.