രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിർമ്മല സീതാരാമനൊപ്പം ബജറ്റിനു പിന്നിൽ പ്രവർത്തിച്ച 6 നെടുംതൂണുകളെ അറിയാം…

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. മുമ്പത്തെ ബജറ്റ് പോലെ ഇത്തവണത്തെ യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക. രാജ്യം മുഴുവൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്.

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റും നിര്‍മല സീതാരാമന്റെ എട്ടാമത് ബജറ്റും ആണിത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്.

2025- 2026 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി നിമിഷങ്ങള്‍ മാത്രമാണ് ബാക്കി. കേന്ദ്ബജറ്റ് തയ്യാറാക്കുന്നത് മാസങ്ങളുടെ ശ്രമഫലമായാണ്. ധനമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ഈ പ്രക്രിയയില്‍ പങ്കാളികളാകുന്നത് രാജ്യത്തെ തന്നെ പ്രമുഖരായ സാമ്പത്തിക വിദഗ്ദരാണ്. ഇത്തവണത്തെ ബജറ്റ് നയത്തില്‍ നിര്‍മലാ സീതാരാമനോടൊപ്പം പ്രവര്‍ത്തിച്ച പ്രമുഖരെ പരിചയപ്പെടാം.

 

ഐഐഎം, അഹമ്മദാബാദിലെ പൂർവവിദ്യാർത്ഥിയായ വി അനന്ത നാഗേശ്വരൻ ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിലവിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്. ബജറ്റിന്റെ മാക്രോ ഇക്കണോമിക് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഉത്തരവാദിത്വമുള്ള ഉദ്യാഗസ്ഥന്‍ കൂടിയാണ് ഇദ്ദേഹം. ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള സാമ്പത്തിക സർവേയുടെ കരട് രൂപീകരണത്തിനും അദ്ദേഹം നേതൃത്വം നൽകുന്നു. ഈ സാമ്പത്തിക വർഷത്തോടെ അദ്ദേഹത്തിൻ്റെ കാലാവധി അവസാനിക്കും.

മനോജ് ഗോവിൽ, എക്സ്പെന്റിച്ചര്‍ സെക്രട്ടറി

ഐഐടി കാൺപൂറിലെ പൂർവ്വ വിദ്യാർത്ഥിയായ മനോജ് ഗോവിൽ എക്സ്പെന്റിച്ചര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നു. പുതിയ സ്കീമുകളുടെ അംഗീകാരം, ചെലവ് മാർഗനിർദ്ദേശങ്ങൾ, സംസ്ഥാനങ്ങളിലേക്കുള്ള വിഭവ കൈമാറ്റം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്നു. മധ്യപ്രദേശ് ആണ് മനോജ് ഗോവിലിന്റെ സ്വദേശം.1991-ബാച്ച് ഐഎഎസ് ഓഫീസറായ ഇദ്ദേഹം 2024 ഓഗസ്റ്റിലാണ് പദവിയിലെത്തുന്നത്. കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലായിരുന്നു മുന്‍പ് പ്രവര്‍ത്തിച്ചിരുന്നത്.

 

അജയ് സേത്ത്, സാമ്പത്തികകാര്യ സെക്രട്ടറി

ടീമിലെ ഏറ്റവും മുതിർന്ന വ്യക്തിയാണ് അജയ് സേത്ത്. 2021 ഏപ്രിൽ മുതൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിനെ (DEA) നയിക്കുന്നത് ഇദ്ദേഹമാണ്. അന്തിമ ബജറ്റ് രേഖകൾ തയ്യാറാക്കലും മാക്രോ ഇക്കണോമിക് സ്റ്റെബിലിറ്റി നിലനിര്‍ത്തലുമാണ് ഇദ്ദേഹത്തിന്റെ പ്രധാന ചുമതലകള്‍. ബജറ്റ് വിഭാഗം തലവന്‍ കൂടിയാണ് അജയ് സേത്ത്. ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് സെക്രട്ടേറിയറ്റ് നടപ്പിലാക്കിയതും അജയ് സേത്ത് ആണ്.

 

തുഹിൻ കാന്ത പാണ്ഡെ, ധനകാര്യ-റവന്യൂ സെക്രട്ടറി

2025 ജനുവരിയിലാണ് ഒഡീഷ കേഡർ ഐഎഎസ് ഓഫീസറായ തുഹിൻ കാന്ത പാണ്ഡെ റവന്യൂ സെക്രട്ടറിയായി ചുമതലയേറ്റത്. നികുതി സമ്പ്രദായം ലളിതമാക്കുക, വരുമാനം ഉയര്‍ത്തുക എന്നിങ്ങനെയുളള മേഖലകളില്‍ ആണ് തുഹിൻ കാന്ത പാണ്ഡെ മുഖ്യമായും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പബ്ലിക് അസറ്റ് മാനേജ്‌മെൻ്റിലെ വൈദഗ്ധ്യമാണ് ഇദ്ദേഹത്തെ ഈ ചുമതലയിലേക്ക് എത്തിച്ചത്.

 

അരുണിഷ് ചൗള, ഡിഐപിഎഎം സെക്രട്ടറി

ബിഹാർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുണിഷ് ചൗള ഡിഐപിഎഎമ്മിന്റെ സ്ക്രട്ടറിയാണ്. ഐഡിബിഐ ബാങ്കിൻ്റെ തന്ത്രപരമായ വിൽപ്പന ഉൾപ്പെടെയുള്ള ഓഹരികളുടെ വിറ്റഴിക്കലും അസറ്റ് ധനസമ്പാദനം പ്രോത്സാഹനത്തിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള നോൺ-കോർ ആസ്തികളുടെ മൂല്യം അൺലോക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലു അദ്ദേഹം വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുണ്ട്.

എം നാഗരാജു, ഫിനാൻഷ്യൽ സർവീസസ് സെക്രട്ടറി

1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എം നാഗരാജു ത്രിപുരക്കാരനാണ്. മതിയായ ക്രെഡിറ്റ് ഫ്ലോ, ഫിൻടെക് നിയന്ത്രണങ്ങൾ, ഇൻഷുറൻസ് കവറേജ് വിപുലീകരിക്കൽ എന്നിവയിലാണ് പ്രവർത്തിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകളിലെ നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവസമ്പത്ത് ഇന്ത്യയുടെ സാമ്പത്തിക സേവന മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.