ടി20 പരമ്ബരയിലെ പ്രകടനം ഗുണമായി, ഇന്ത്യയുടെ ഏകദിന ടീമില്‍ ഒരു മാറ്റം; ഒരു സ്പിന്നര്‍ കൂടി സ്‌ക്വാഡില്‍

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിലും മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.എന്നാല്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്ബരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരം പരമ്ബരയിലെ താരവുമായി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഒരു അഞ്ച് വിക്കറ്റ് നേട്ടവും അതിലുണ്ടായിരുന്നു. ടി20 പരമ്ബരയില്‍ പുറത്തെടുത്ത പ്രകടനം സെലക്റ്റര്‍മാരുടെ കണ്ണ തുറപ്പിച്ചെന്ന് പറയാം. ഇപ്പോള്‍ ഏകദിന പരമ്ബരയ്ക്കുള്ള ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഇക്കാര്യം ഇന്ത്യന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ടി20 പരമ്ബരയ്ക്ക് ശേഷം വരുണ്‍ നേരെ നാഗ്പൂരിലേക്ക് തിരിക്കുകയായിരുന്നു. പിന്നാലെ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടീമിനൊപ്പം താരം പരിശീലിക്കുകയും ചെയ്തു. തുടര്‍ന്നാണ് താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലെ ടി20 പരമ്ബര അവസാനിപ്പിച്ച്‌, ഒരു ദിവസത്തിന് ശേഷം സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം തിങ്കളാഴ്ച നാഗ്പൂരിലെത്തി. ടീം വന്നിറങ്ങുന്ന വീഡിയോ ദൃശ്യങ്ങളില്‍ വരുണ്‍ ഉണ്ടായിരുന്നില്ല.

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വരുണിനെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് വരുണിനെ പരിശീലന സെഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. വരുണിനെ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് കണ്ടറിയണം.അശ്വിന്‍ പറഞ്ഞതിങ്ങനെ… ”ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്ബരയില്‍ കളിക്കാന്‍ വരുണിന് അവസരം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നു. ചാംപ്യന്‍സ് ട്രോഫിയിലേക്ക് നേരിട്ട് അദ്ദേഹത്തെ കൊണ്ടുപോകുന്നത് എളുപ്പമുള്ള കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്ബരയില്‍ അദ്ദേഹത്തിന് അവസരം നല്‍കുമെന്ന് എനിക്ക് തോന്നുന്നു.” അശ്വിന്‍ വ്യക്തമാക്കി.

ടീം മാനേജ്മെന്റിന് താല്‍പര്യമുള്ള താരങ്ങളില്‍ ഒരാളാണ് വരുണ്‍. പ്രത്യേകിച്ച്‌ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പിന്തുണ വരുണിനുണ്ട്. ഗംഭീര്‍ മുഖ്യ പരിശീലകനായി ചുമതലയേറ്റതിനുശേഷം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ടി20 ടീമിലേക്ക് തിരിച്ചെത്തി. തിരിച്ചെത്തിയതിനുശേഷം, 12 മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റുകള്‍ വീഴ്ത്തിയ വരുണ്‍, ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച്‌ വിന്നറാണ്.

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തതി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.