ഇന്ന് അബുദാബി, അല്‍ഐൻ, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ട്
അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐൻ, അല്‍ ദഫ്ര പ്രദേശങ്ങളില്‍ റെഡ്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്.ഇന്ന് രാവിലെ 10 മണി വരെയും മൂടല്‍ മഞ്ഞ് തുടരും. അല്‍ ഐനിലെ റെമാ, അല്‍ വിഖാൻ, സാബ പ്രദേശങ്ങളിലാണ് റെഡ്, യെല്ലോ അലർട്ടുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അബുദാബിയിലെ അല്‍ വത്ബ, സീഹ് അല്‍ ഹമ, സ്വീഹാൻ എന്നിവിടങ്ങളിലും അബുദാബിയിലേക്കുള്ള അല്‍ സാദ് പാലം, ബു കിരയ്യ, അല്‍ ഫയ പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അല്‍ ദഫ്രയിലെ മദീന സായിദ്, ജിസായ്‌റ പ്രദേശങ്ങളിലും മഞ്ഞ് മൂടിയ കാലാവസ്ഥയാണ്.
രാത്രിയിലും ഈർപ്പമേറിയ കാലാവസ്ഥയായിരിക്കുമെന്നും നാളെയും ചില തീരപ്രദേശമേഖലകളില്‍ ഉള്‍പ്പടെ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരപ്രദേശമേഖലകളില്‍ താപനില ഏറ്റവും കൂടുതല്‍ 22 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. താപനില ഏറ്റവും കുറഞ്ഞത് 13 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തിയേക്കാം. കൂടാതെ രാജ്യത്തുടനീളം മണിക്കൂറില്‍ 35 കിലോ മീറ്റർ വരെ വേഗത്തില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.