സംസ്ഥാനത്ത് ക്യാൻസര്‍ സാധ്യതയുള്ള മുഴുവൻ പേരേയും ഒരു വര്‍ഷം കൊണ്ട് കണ്ടെത്തി ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്ബയിന്റെ ഭാഗമായി വരുന്ന ഒരു വര്‍ഷം കൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ കാന്‍സര്‍ രോഗസാധ്യത കണ്ടെത്തുന്നതിനും ആരംഭഘട്ടത്തില്‍ തന്നെ അവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രോഗത്തെക്കുറിച്ചുള്ള അജ്ഞത, ചികിത്സാ ചെലവ് തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പലരും നേരത്തെ രോഗസാധ്യത കണ്ടെത്തുന്നതിനും, ചികിത്സ തേടുന്നതിനും തയ്യാറാകുന്നില്ല. കേരളം പോലെയൊരു സമൂഹത്തിലാണ് ഇതെന്നത് ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്ബയിന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, തുടങ്ങി നാടിന്റെ എല്ലാ കേന്ദ്രങ്ങളേയും സഹകരിപ്പിച്ചാണ് ഈ ക്യാമ്ബയിന്‍ സംഘടിപ്പിക്കുക. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്. കാന്‍സര്‍ കേസുകള്‍ കൂടി വരുന്നതയാണ് കാണുന്നത്. സ്തനാര്‍ബുദം കാരണമുള്ള മരണം കൂടുതലായും കാണുന്നു. സ്ത്രീകളിലുണ്ടാകുന്ന കാന്‍സറുകള്‍ നേരത്തെ കണ്ടെത്താവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. പലപ്പോഴും ഇതുണ്ടാകുന്നില്ല എന്നതാണ് ഗൗരവമായ കാര്യം. ഇത് തിരിച്ചറിഞ്ഞാണ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന ക്യാമ്ബയിന്റെ ആദ്യഘട്ടം സ്ത്രീകള്‍ക്കായി മാറ്റിവെച്ചത്.
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് ആരംഭിച്ച് അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 ന് അവസാനിക്കും വിധമാണ് ആദ്യഘട്ട ക്യാമ്ബയിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. സ്ത്രീകളെ ബാധിക്കുന്ന സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള പരിശോധനയും ചികിത്സയും ഈ കാലയളവില്‍ ഉറപ്പാക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ‘ആര്‍ദ്രം ആരോഗ്യം’ ജനകീയ ക്യാമ്ബയിന്റെ ഭാഗമായി ശൈലി ആപ്പ് വഴി നടത്തിയ ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം പേര്‍ക്കും, രണ്ടാംഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തോളം പേര്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവരില്‍ ഒന്നാം ഘട്ടത്തില്‍പ്പെട്ട 1.5 ലക്ഷംപേരും രണ്ടാംഘട്ടത്തില്‍പ്പെട്ട 40,000 പേരും മാത്രമാണ് തുടര്‍പരിശോധനയ്ക്ക് തയ്യാറായത്. ഇത് എത്ര ഗൗരവമായ സംഗതിയാണെന്ന് നാം കാണണം. രോഗസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷവും തുടര്‍ പരിശോധനയ്ക്കും തുടര്‍ചികിത്സയ്ക്കും നേരെ മുഖം തിരിക്കുന്നത് നമ്മുടെ നാടിന് ചേരുന്ന പ്രവണതയാണോയെന്ന് ചോദിച്ച മുഖ്യമന്ത്രി ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞു.
കാന്‍സര്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും മുന്തിയ പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്സ്’ പദ്ധതി വഴി കേവലം അഞ്ച് മാസങ്ങള്‍ കൊണ്ട് രണ്ടര കോടി രൂപയുടെ മരുന്നുകളാണ് സംസ്ഥാനത്താകെ വിതരണം ചെയ്തത്. പൊതുവിപണിയിലെ വിലയെ അപേക്ഷിച്ച് 88 ശതമാനം വരെ വില കുറച്ചാണ് കാന്‍സര്‍ മരുന്നുകള്‍ ഇവിടെ ലഭ്യമാക്കിവരുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ ഓരോ കൗണ്ടറുകളാണ് ഇതിനായി സ്ഥാപിച്ചത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
കാന്‍സര്‍ ചികിത്സയ്ക്ക് നൂതന ചികിത്സാ സംവിധാനങ്ങളൊരുക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയിലും എംസിസിയിലും കാന്‍സറിന് റോബോട്ടിക് സര്‍ജറി ആരംഭിച്ചു. റീജിയണല്‍ കാന്‍സര്‍ സെന്ററുകള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും പുറമേ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കി. എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധനാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിച്ചു. ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള ‘സെര്‍വി സ്‌കാന്‍’ ആര്‍സിസി വികസിപ്പിച്ചു. സെര്‍വിക്കല്‍ കാന്‍സറിന് എതിരായുള്ള എച്ച്‌പിവി വാക്സിനേഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തലത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
സ്തനാര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും സംവിധാനമൊരുക്കുകയാണ്. ഒരു ജില്ലാ തല അല്ലെങ്കില്‍ താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ് സ്മിയര്‍ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കുകയാണ്. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം സംവിധാനം നടപ്പിലാക്കി. ഇങ്ങനെ ഒട്ടനേകം സംവിധാനങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് ലഭ്യമാണ്. ഇതിന് പുറമെയാണ് രോഗപ്രതിരോധവും ബോധവത്ക്കരണവും ലക്ഷ്യമിട്ട് ‘ആരോഗ്യം ആനന്ദം – അകറ്റാം അര്‍ബുദം’ എന്ന ജനകീയ ക്യാമ്ബയിന്‍ ആരംഭിക്കുന്നത്.
ഈ ക്യാമ്ബയിനില്‍ നമ്മള്‍ സ്വയം ഭാഗമാകണം. ഒപ്പം നമ്മുടെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പങ്കാളികളാക്കുകയും വേണം. രോഗസാധ്യത കണ്ടെത്തിയാല്‍ അവരെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടാന്‍ പ്രേരിപ്പിക്കണം. അവര്‍ ഒരിക്കലും ഒറ്റപ്പെടുന്നില്ല, സര്‍ക്കാരും പൊതുസമൂഹവും അവരോടൊപ്പം എപ്പോഴും ഉണ്ടാകും. അത്തരമൊരു ആത്മവിശ്വാസം പകരുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.