ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹരികുമാര്‍ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍. ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ഹരികുമാറിനെ വിട്ടെങ്കിലും പ്രതിക്ക് മാനസികാരോഗ്യം ഉണ്ടെന്നുള്ള സാക്ഷ്യപത്രം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. പ്രതിയെ മെഡിക്കല്‍ കോളേജില്‍ പത്തു ദിവസമെങ്കിലും കിടത്തി ചികിത്സിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്.

പ്രതിയെ ആശുപത്രിയിലേയ്ക്ക് അയക്കുന്ന കാര്യം കോടതി തീരുമാനിക്കും. അതേസമയം സാമ്പത്തിക കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കുഞ്ഞിന്റെ അമ്മ ശ്രീതുവിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമാണ് കൊലപാതകത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ക്ക് മാനസിക സ്ഥിരതയില്ലെന്ന് എസ്പി കെ സുദര്‍ശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനിടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ദേവസ്വം ബോര്‍ഡില്‍ താന്‍ സെക്ഷന്‍ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ പരാതിക്കാരന്‍ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നല്‍കി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.